കരാര്‍ ലംഘനം: സ്‌പോണ്‍സര്‍മാര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും സംസ്ഥാന സര്‍ക്കാരും

Jaihind News Bureau
Saturday, May 17, 2025

ലിയോണല്‍ മെസി കേരള സന്ദര്‍ശനം ഒഴിവാക്കിയതില്‍ സ്‌പോണ്‍സര്‍മാര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും സംസ്ഥാന സര്‍ക്കാരും. സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെയാണ് നിയമ നടപടിക്കൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസ്സിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമും കേരളം സന്ദര്‍ശിക്കില്ല എന്ന് സ്ഥിരീകരിച്ചത്. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം അംഗോളയിലും ഖത്തറിലുമുള്ള തങ്ങളുടെ മത്സരങ്ങള്‍ അര്‍ജന്റീന സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഗാസ്റ്റണ്‍ എഡുല്‍ അറിയിച്ചു. ഒക്ടോബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍മാര്‍ കരാര്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് അര്‍ജന്റീന ടീം കേരള സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.