തിരുവഞ്ചൂരും വിഡി സതീശനും കൂടിക്കാഴ്ച നടത്തി : ‘എഐസിസിക്കും കെപിസിസിക്കും പിന്നിൽ എല്ലാവരും അണിനിരക്കണം’

Sunday, September 5, 2021

കോട്ടയം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെ വീട്ടിലെത്തി കണ്ടുസംസാരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാവരെയും കാണുന്നതിന്‍റെ ഭാഗമായി എത്തിയതാണെന്നു തിരുവഞ്ചൂർ പറഞ്ഞു. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകണമെന്നാണ് അവരുടെ ആഗ്രഹം. താനും അതു തന്നെയാണു പറയുന്നത്. എഐസിസിക്കും കെപിസിസിക്കും പിന്നിൽ എല്ലാവരും അണിനിരക്കണം. പാർട്ടിയിൽ കൂടുതൽ സൗഹാർദ അന്തരീക്ഷമുണ്ടായെന്നും തിരുവഞ്ചൂർ പറഞ്ഞു.

നേരത്തേ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിൽ സന്ദർശിച്ചു സതീശൻ ചർച്ച നടത്തിയിരുന്നു. കോൺഗ്രസിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നു പറഞ്ഞ സതീശൻ, പിണക്കങ്ങൾ ഉണ്ടാകുമ്പോൾ ഇണക്കത്തിന്‍റെ ശക്തി കൂടുമെന്നും ഇതിൽ കീഴടങ്ങലോ വിധേയത്വമോ ഇല്ലെന്നും പറഞ്ഞു. ചർച്ചകളോട് അനുഭാവപൂർവം പ്രതികരിക്കുമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.