സംഘപരിവാറിന് വടി കൊടുക്കുന്ന കേരള പൊലീസ്: വര്‍ഗീയ അജണ്ടയുണ്ടാക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : മോഫിയ പർവീണിന്‍റെ വിഷയത്തില്‍ സമരം ചെയ്ത കെഎസ് യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ചുമത്തിയതില്‍ കേരള പൊലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്നാണ് പറയുന്നത്. കേരളത്തില്‍ ഒരു വര്‍ഗീയ അജണ്ട ഉണ്ടാക്കാന്‍ വേണ്ടി പേരിന്‍റെ അടിസ്ഥാനത്തില്‍ തീവ്രവാദ ബന്ധം ചാര്‍ത്തിയ കേരള പൊലീസ് സംഘപരിവാറിന് വടി കൊടുത്തിരിക്കുകയാണ്. എംപിയുടെയും എംഎല്‍എയുടെയും നേതൃത്വത്തിലുള്ള സമരത്തിനെതിരെ തീവ്രവാദ ബന്ധം ആരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൂട്ടുനിന്നത് കേരള പൊലീസിലെ സംഘപരിവാര്‍ സാന്നിധ്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ജാതിയുടെയും മതത്തിന്‍റെയും പേരില്‍ തീവ്രവാദ ബന്ധം ചുമത്താന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കേരളത്തിലെ പൊലീസ് അവസരമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. ഇതേക്കുറിച്ച് അന്വേഷിക്കണം. ഇല്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകും. പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ഒരു വീഴ്ചയ്ക്ക് ഒരു സമൂഹത്തില്‍പ്പെട്ട മുഴുവന്‍പേരും അപമാനിക്കപ്പെടുന്ന ഒരു സാഹചര്യത്തിലേക്കു പോകുകയാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment