കെ റയിൽ സിൽവർ ലൈൻ പദ്ധതി കേരളത്തെ നന്ദിഗ്രാമാക്കും : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, November 23, 2021

കൊല്ലം : കേരളത്തെ നന്ദിഗ്രാമാക്കാൻ പോകുന്ന വിഷയമാണ് കെ റയിൽ സിൽവർ ലൈൻ പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കേരളത്തെ വിൽക്കാൻ വെച്ചിരിക്കുന്ന ഈ പദ്ധതിയെ കേരളം ഇതുവരെ കാണാത്ത പ്രതിഷേധവുമായി യുഡിഎഫ്  ചെറുത്തു തോൽപ്പിക്കുമെന്നദ്ദേഹം പറഞ്ഞു. കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കുണ്ടറയിൽ എൻ കെ പ്രേമചന്ദ്രൻ എംപിയും പിസി വിഷ്ണുനാഥ് എം എൽ യും നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.

കേരളത്തെ കടക്കെണിയിലാഴ്ത്തുന്ന കെ റെയിൽ പദ്ധതി സംസ്ഥാനത്തിന്‍റെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലയിൽ സൃഷ്ടിക്കാവുന്ന പ്രത്യാഖാതങ്ങൾ ഒന്നൊന്നായി ചൂണ്ടികാട്ടിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ എൻ കെ പ്രേമചന്ദ്രൻ എംപിയും പിസി വിഷ്ണുനാഥ് എം എൽ എയും കൊല്ലം കുണ്ടറയിൽ നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. കേരളത്തെ നന്ദിഗ്രാമാക്കാൻ പോകുന്നതാണ്  സിൽവർലൈൻ പദ്ധതിയെന്നും ബംഗാളിൽ  സിപിഎമ്മിന് സംഭവിച്ച ഗതികേട് കേരളത്തിലുമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച ചേദ്യങ്ങൾക്ക് മറുപടി പറയാതെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ യുഡിഎഫ് അനുവദിക്കില്ലെന്നും കേരളത്തെ വിൽക്കാൻ വച്ചിരിക്കുന്ന പദ്ധതിക്കെതിരെ കേരളം ഇതുവരെ കാണാത്ത സമരങ്ങളിലൂടെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്കു മറുപടി ഇല്ലാതെ ലോകത്തെ എല്ലാ ഏകാധിപതികളുടേയും ഭാഷയിൽ മുഖ്യമന്ത്രി തങ്ങളെ വികസന വിരോധികളും രാജ്യദ്രോഹികളുമായി ചിത്രികരിക്കുവാൻ ശ്രമിക്കുകയാണന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. കെറെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കുണ്ടറ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിൽ യുഡിഎഫ് ന്‍റെ സംസ്ഥാന ജില്ലാ നേതാക്കളും നൂറ് കണക്കിന് പ്രവർത്തകരും പങ്കാളികളായി