കെ റെയില്‍ പദ്ധതിയില്‍ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കെ റെയിൽ നടപ്പിലാക്കാന്‍ സർക്കാർ തട്ടിക്കൂട്ട് സർവ്വേ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടോ, പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. നിയമസഭയിൽ പ്രതിപക്ഷം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ക്ക് മറുപടിയില്ല. വികസനവിരുദ്ധ പ്രവത്തനങ്ങൾ ഏറ്റവും കൂടുതൽ നടത്തിയത് പിണറായി വിജയനെന്നും ആ തൊപ്പി കൂടുതൽ ചേരുക പിണറായിക്കെന്നും സതീശന്‍ വിമർശിച്ചു.
കെ റെയില്‍ പദ്ധതിക്കെതിരെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. പ്രളയ, ഭൂകമ്പ സാധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതിയുടെ രൂപരേഖയിലില്ല. ബദല്‍ അലൈന്‍മെന്‍റിനെ കുറിച്ച് പഠിക്കാതെയാണ് കേരളത്തിലെ ഇടനാടിലൂടെ പാത പോകുന്നത്. കൃത്രിമമായി കെട്ടിപ്പടുത്ത ഒരു രേഖയാണ് പദ്ധതിയുടെ ഡിപിആർ എന്ന പേരില്‍ റെയില്‍വേ ബോര്‍ഡിന് മുമ്പില്‍ വെച്ചിട്ടുള്ളത്. കേരളത്തിന് വേണ്ടി നേരത്തെ ഡിഎംആര്‍സി തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടിന്‍റെ ഏകദേശ രൂപം കോപ്പിയടിച്ചാണ് കെ റെയിലിന് വേണ്ടി കൊടുത്തിട്ടുള്ളതെന്നും അലോക് വര്‍മ വെളിപ്പെടുത്തിയിരുന്നു.