‘മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം’: വി.ഡി സതീശന്‍

Tuesday, June 7, 2022

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്  വി.ഡി സതീശന്‍. ഒരു സത്യവും മൂടിവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ ആരോപണം ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യൻ അല്ല. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സ്വപ്നാ സുരേഷിന്‍റെ മൊഴിക്ക് ശേഷം എല്ലാ നടപടികളും അവസാനിപ്പിക്കുകയാണ് കേന്ദ്രഏജൻസികൾ ചെയ്തത്. ഇതിലൂടെ സിപിഎം-സംഘപരിവാർ ബന്ധം വ്യക്തമായി. കേന്ദ്ര ഏജൻസികളെ പൂർണ്ണമായും യുഡിഎഫിന് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞെട്ടിക്കുന്ന അവിശ്വസനീയമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള ചില പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് അനുമതി ലഭിച്ചില്ല. ഈ വിഷയം രണ്ട് തവണ നിയമസഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് അത് നിഷേധിച്ചു എന്ന് ഇപ്പോളാണ് വ്യക്തമായത്. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് ഇത്രയും ഗുരുതരമായ കുറ്റകൃത്യം നടന്നത്. ഇപ്പോഴത്തെ വെളിപ്പെടുത്തലിന് സമാനമായ ഒരു സ്റ്റേറ്റ്മെന്‍റ് കസ്റ്റംസ് കോടതിയില്‍ ഒരു പ്രതി 164 പ്രകാരം മൊഴി നല്‍കിയിരുന്നു. ആ സ്റ്റേറ്റ്മെന്‍റില്‍ ഇവിടെ നിന്ന് കറന്‍സി കൊണ്ടുപോയത് അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആ വിഷയം നിയമസഭയില്‍ ചര്‍ച്ചചെയ്യണമെന്ന് രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും നിഷേധിക്കുകയാണുണ്ടായത്’ – വി.ഡി സതീശന്‍ പറഞ്ഞു.

ബിജെപി-സിപിഎം നേതാക്കള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിച്ചത്. ഇടനിലക്കാരുടെ സാന്നിധ്യത്തിലാണ് അന്വേഷണം അവസാനിപ്പിച്ചത്. സോളാര്‍ കേസില്‍ കുറ്റാരോപിതയുടെ കൈയില്‍ നിന്ന് പരാതി എഴുതി വാങ്ങിച്ചിട്ട് മുന്‍ മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാരാണിത്. അതുകൊണ്ട് പ്രതിയുടെ വെളിപ്പെടുത്തലാണ് എന്ന വാദം ഉന്നയിക്കാന്‍ അവര്‍ക്ക് കഴിയുമോയെന്നും വി.ഡി സതീശന്‍ ചോദിച്ചു.