മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞത് ആരാണ്?; എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, June 27, 2022

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമർശനത്തിന് പഴയ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് മറുപടിയുമായി പ്രതിപക്ഷ നേതാവ്.  പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന ഭീഷണി സംസ്ഥാനത്ത് ആദ്യമായാണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ എണ്ണംപറഞ്ഞ മറുപടി. പത്രപ്രവർത്തകരോട് മോശമായി പെരുമാറുന്നത് ആരാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിശദമായ മറുപടി.

തനിക്കതിരായ വിമർശനത്തിന് കൃത്യമായ വിശദീകരണത്തോടെയായിരുന്നു തുടക്കം. ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടില്ല. പത്രസമ്മേളനത്തിനിടെ നിരന്തരം ശല്യപ്പെടുത്തുകയും ഒരേ ചോദ്യം തന്നെ നാലും അഞ്ചും തവണ ചോദിക്കുകയും ചെയ്തപ്പോള്‍ ‘ഇറങ്ങിപ്പോകാന്‍ എന്നെക്കൊണ്ട് പറയിക്കരുത്’ എന്നാണ് പറഞ്ഞത്. പിന്നീടങ്ങോട്ട് മുഖ്യമന്ത്രിക്കുള്ള എണ്ണം പറഞ്ഞ മറുപടി. പൊതുയോഗത്തിനിടെ അന്നത്തെ മാതൃഭൂമി എഡിറ്ററെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ച് സംസാരിച്ചത് ആരാണെന്നായിരുന്നു എന്ന് ആദ്യത്തെ ചോദ്യം. മാധ്യമ പ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞത് ആരാണെന്ന ചോദ്യം പിന്നാലെ. ചെവി ഇങ്ങോട്ട് കാണിച്ചാല്‍ മറുപടി പറയാം എന്ന് പറഞ്ഞത് ആരാണെന്നും വി.ഡി സതീശന്‍ ചോദിച്ചു.  കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടെന്ന് പറയുകയും മാധ്യമ പ്രവര്‍ത്തകരോട് ആക്രോശിക്കുകയും ചെയ്തിട്ടുള്ളയാള്‍ ഇപ്പോള്‍ നല്ലപിള്ള ചമയുമ്പോള്‍ ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നോ എന്ന് എങ്ങനെ ചോദിക്കാതിരിക്കും എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റേത് ഹീനമായ പെരുമാറ്റമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. സ്പീക്കറുടെ ഡയസടക്കം അടിച്ചു തകര്‍ക്കുന്ന തരത്തില്‍ നിയമസഭയ്ക്കുതന്നെ അമപാനമുണ്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുത്ത പിണറായി വിജയന്‍ തന്നെ പ്രതിപക്ഷത്തിന്‍റേത് ഹീനമായ പെരുമാറ്റമാണെന്ന് ആരോപിക്കുന്നു. അദ്ദേഹം പെരുമാറിയതുപോലെ ഒരു കാലത്തും യുഡിഎഫ് നിയമസഭയില്‍ പെരുമാറിയിട്ടില്ല. അദ്ദേഹത്തില്‍നിന്ന് സഭാമര്യാദ പഠിക്കേണ്ട ആവശ്യം യുഡിഎഫിനും കോണ്‍ഗ്രസിനുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.