കമ്മിറ്റികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഖജനാവിൽ നിന്ന് പണം ചോരുന്നത് ആരുമറിയില്ല ; സ്പ്രിങ്ക്‌ളറില്‍ സർക്കാരിനെതിരെ വി.ഡി സതീശന്‍

Jaihind News Bureau
Wednesday, November 25, 2020

 

സ്പ്രിങ്ക്‌ളര്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി.ഡി സതീശന്‍ എംഎല്‍എ. മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്  പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ അക്കമിട്ട് ശരിവയ്ക്കുന്നതായിരുന്നുവെന്നും സമാനമായ  പരിഗണനാ വിഷയങ്ങൾ വച്ചു കൊണ്ട് വീണ്ടും കമ്മിറ്റിയുണ്ടാക്കാനുള്ള തലതിരിഞ്ഞ തീരുമാനം ആരാണെടുത്തതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. മഴക്കാലത്ത് കുട്ടികൾ കടലാസു വഞ്ചി ഉണ്ടാക്കി കളിക്കുന്നതു പോലെ കമ്മിറ്റികൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുമ്പോൾ ഖജനാവിൽ നിന്ന് പണം ചോരുന്നത് ആരുമറിയില്ലെന്നും അദ്ദഹം കുറിച്ചു.

അതേസമയം  സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ വീഴ്ച പറ്റിയെന്ന മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. ആദ്യ സമിതിയുടെ കണ്ടെത്തലുക വീണ്ടും അന്വേഷണം. റിട്ട ജില്ലാ ജഡ്ജി ശശിധരന്‍ നായരാണ് സമിതി അദ്ധ്യക്ഷന്‍. ഐടി വിദഗ്ധനായ ഗുല്‍ഷന്‍ റോയിയാണ് ആദ്യ സമിതിയിലെ മറ്റൊരംഗം. സ്പ്രിങ്ക്‌ളര്‍ കരാറില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നായിരുന്നു മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ കണ്ടെത്തല്‍. എന്നാല്‍ ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. ഇതിനിടെയാണ് വീണ്ടും അന്വേഷണ സമിതിയെ പ്രഖ്യാപിച്ചത്.

ആദ്യകണ്ടെത്തല്‍ അട്ടിമറിക്കാനാണ് പുതിയ സമിതിയെന്ന ആക്ഷേപം ശക്തമാണ്. സ്പ്രിങ്ക്‌ളര്‍ കരാര്‍ ഒപ്പിടും മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും നിയമവകുപ്പുമായി കൂടിയാലോചിച്ചില്ലെന്നുമുള്ള ഗുരുതരമായ വീഴ്ച മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇത് പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഏല്‍പ്പിച്ചത്.

ശിവശങ്കറിനെ കുറ്റപ്പെടുത്തിയ ആദ്യ കണ്ടെത്തലിനെ അട്ടിമറിക്കാനാണോ  എന്ന ചോദ്യം ഉയരുന്നു.
ആദ്യ റിപ്പോര്‍ട്ട് പരാമര്‍ശിക്കാത്തവ പഠിക്കാനാണ് പുതിയ കമ്മിറ്റിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ടേംസ് ഓഫ് റഫറന്‍സ് ആദ്യകമ്മിറ്റിക്ക് നല്‍കിയതിന് സമാനമാണ്. രണ്ടുമാസത്തിനകം പുതിയ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണം.