രാജ്യത്ത് ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നു; കേക്കുമായി വീട്ടിലെത്തുന്നവര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍; സംഘപരിവാര്‍ നീക്കങ്ങളെ പ്രതിരോധിക്കുമെന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Wednesday, December 24, 2025

തിരുവനന്തപുരം: രാജ്യത്തുടനീളം ക്രൈസ്തവര്‍ വേട്ടയാടപ്പെടുകയാണെന്നും സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധമായ ഇത്തരം കടന്നുകയറ്റങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളും കൂട്ടായ്മകളും തടയുന്നത് പതിവായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ക്രിസ്മസ് കാലത്ത് കേക്കുമായി വീടുകളിലെത്തുന്ന സംഘപരിവാര്‍ നേതാക്കളെ ‘ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നമ്മുടെ വീടുകളില്‍ സ്‌നേഹം പങ്കുവെക്കാന്‍ എത്തുന്ന ഇവര്‍ തന്നെയാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ക്രൈസ്തവരെ ക്രൂരമായി ആക്രമിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. പാലക്കാട് കരോള്‍ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം കേരളത്തിലും ഇത്തരം ശക്തികള്‍ പിടിമുറുക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബൈബിള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്ന് പറയാന്‍ സംഘപരിവാറിന് എന്ത് അധികാരമാണുള്ളതെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. ഭരണഘടനാപരമായ അവകാശങ്ങളെ തടയാന്‍ ആരെയും അനുവദിക്കില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെയും പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് നേരെയും നിരന്തരം ആക്രമണങ്ങള്‍ നടക്കുകയാണ്. സമാധാനപരമായി മതം ആചരിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.