ശബരിമലയിലെ സ്വര്‍ണ്ണം ആര്‍ക്ക് വിറ്റു?; സൂത്രധാരന്‍ മുഖ്യമന്ത്രി; അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം ശ്രമമെന്നും വി.ഡി. സതീശന്‍

Jaihind News Bureau
Friday, January 2, 2026

 


ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.എം അനുകൂലികളായ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ തിരുകിക്കയറ്റി കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കൊള്ളയടിച്ച സ്വര്‍ണ്ണം ആര്‍ക്കാണ് വിറ്റതെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

‘മൂന്ന് സി.പി.എം നേതാക്കള്‍ ഇതിനകം കേസില്‍ കുടുങ്ങിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ അഴിക്കുള്ളിലാകാന്‍ ക്യൂവിലാണ്. ഈ കൊള്ളയ്ക്കും വര്‍ഗ്ഗീയതയ്ക്കും പിന്നിലെ യഥാര്‍ത്ഥ സൂത്രധാരന്‍ മുഖ്യമന്ത്രിയാണ്. അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അദ്ദേഹം ചിലരെക്കൊണ്ട് വര്‍ഗ്ഗീയത പറയിപ്പിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പോടെ ഇടതുമുന്നണിയുടെ തകര്‍ച്ച പൂര്‍ത്തിയായി,’ അദ്ദേഹം പറഞ്ഞു.

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിനെ സ്വാഗതം ചെയ്ത സതീശന്‍ ഇത് സി.പി.എമ്മിന്റെ വെറും രാഷ്ട്രീയ നാടകമാണെന്ന് കുറ്റപ്പെടുത്തി. ‘പ്രധാന പ്രതിക്കൊപ്പമുള്ള ഫോട്ടോയുടെ പേരിലാണ് ചോദ്യം ചെയ്യലെങ്കില്‍ ആദ്യം മുഖ്യമന്ത്രിയെയാണ് ചോദ്യം ചെയ്യേണ്ടത്. നാണംകെട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തെക്കൂടി വലിച്ചിഴച്ച് ‘ബാലന്‍സിങ്’ നടത്താനാണ് സി.പി.എം ശ്രമിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.