കൊച്ചി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിക്കും തനിക്കുമെതിരായ വ്യാജ വാർത്തകളിൽ ദേശാഭിമാനി പത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെറും മഞ്ഞ പത്രത്തിന്‍റെ നിലവാരത്തിലാണ് ദേശാഭിമാനി തനിക്കെതിരെ വാർത്തകൾ നൽകുന്നതെന്നും മഞ്ഞ പത്രക്കാരോട് സംസാരിക്കാൻ താല്‍പര്യം ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും മാധ്യമങ്ങള്‍ക്കുമെതിരെ കള്ളക്കേസുകളെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പറവൂരില്‍ റോഡ് പണിഞ്ഞ് റിയല്‍ എസ്‌റ്റേറ്റുകാരനെ സഹായിക്കാന്‍ ശ്രമിച്ചെന്നാണ് ദേശാഭിമാനിയുടെ ആരോപണം. 60 സെന്‍റ് സ്ഥലം ഉണ്ടായിരുന്നയാള്‍ മൂന്നു സെന്‍റ് വീതം 18 പേര്‍ക്ക് വീട് വെക്കാനായി നല്‍കി. ബാക്കി ആറ് സെന്‍റ് വഴിക്കും നല്‍കി. അതില്‍ 14 പേര്‍ക്ക് മൂന്ന് സെന്‍റ് വീതം നല്‍കിക്കഴിഞ്ഞു. അദ്ദേഹം തന്നെ 2 പേര്‍ക്ക് വീട് വെച്ചു നല്‍കി. പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ഒരു വീട് നല്‍കി. ബാക്കിയുള്ളവര്‍ വീട് വെച്ചുകൊണ്ടിരിക്കുകയാണ്. ആ പാവങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്കാണ് റോഡ് നല്‍കിയത്. പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററിലും ഈ റോഡുണ്ട്. അതുകൊണ്ടാണ് റോഡിന് ഫണ്ട് അനുവദിക്കാന്‍ കളക്ടറോട് ശുപാര്‍ശ ചെയ്തത്. സിപിഎമ്മിന്‍റെ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് റോഡ് ഉദ്ഘാടനം ചെയ്തത്. സിപിഎമ്മുകാരാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. 22 വര്‍ഷം എംഎല്‍എ ആയ എനിക്ക് എന്‍റെ നാട്ടുകാരെ ദേശാഭിമാനി പരിചയപ്പെടുത്തി തരേണ്ട. വേറെ വാര്‍ത്ത ഇല്ലാത്തതു കൊണ്ടാണ് വ്യാജ വാര്‍ത്തയുണ്ടാക്കുന്നത്. പരാതിയുണ്ടെങ്കില്‍ വിജിലന്‍സ് കേസെടുക്കട്ടെ. പറവൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എ എവിടെ റോഡ് നിര്‍മ്മിക്കണമെന്ന് തീരുമാനിക്കുന്നത് ദേശാഭിമാനി പത്രവും സിപിഎമ്മുമല്ല. ദേശാഭിമാനിയും കൈരളിയും വ്യക്തിപരമായി തേജോവധം ചെയ്യാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന മഞ്ഞപ്പത്രങ്ങളാണ്. മഞ്ഞപ്പത്രങ്ങളുടെ അടിസ്ഥാനരഹിതമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നില്ല. – വി.ഡി സതീശന്‍ പറഞ്ഞു.
പോക്‌സോ കേസില്‍ ജോണ്‍സണ്‍ മാവുങ്കലിനെതിരായ കോടതി നടപടികള്‍ പൂര്‍ത്തിയായി. വിചാരണ പൂര്‍ത്തിയാക്കിയാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. എം.വി ഗോവിന്ദന്‍ പറയുന്നത് പോലെ കെ സുധാകരനെതിരെ പെണ്‍കുട്ടിയുടെ മൊഴിയുണ്ടെങ്കില്‍ വിചാരണ സമയത്ത് എന്തുകൊണ്ട് ഗൗരവത്തിലെടുത്തില്ല? മൊഴിയുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ സുധാകരനെ സാക്ഷിയാക്കി മൊഴി രേഖപ്പെടുത്തണമായിരുന്നു. കേസില്‍ ശിക്ഷയും വിധിച്ചതിനു ശേഷം സുധാകരന്‍ അവിടെയുണ്ടായിരുന്നെന്ന് ദേശാഭിമാനി വെളിപ്പെടുത്തിയത് ദേശാഭിമാനിക്ക് എപ്പോഴെങ്കിലും വെളിപാടുണ്ടായതായിരിക്കും. മറ്റാര്‍ക്കും അത് വിശ്വസിക്കാനാകില്ല. പത്ത് കോടി കൊടുത്തയാള്‍ 25 ലക്ഷം കൊടുത്തത് സുധാകരന്‍റെ വിശ്വാസത്തിലാണെന്നതും ശെരിയല്ല. ഒരു യുക്തിയും വസ്തുതയും ഇല്ലാത്ത കേസാണത്. ശിക്ഷ വിധിച്ചൊരു കേസില്‍ സുധാകരനെ പെടുത്താന്‍ പോകുന്നുവെന്നു പറഞ്ഞാല്‍ സാമാന്യ നിയമ ബോധമുള്ള ആര്‍ക്കും വിശ്വസിക്കാനാകില്ല. സര്‍ക്കാരിന്‍റെ സമനില തെറ്റിയിരിക്കുകയാണ്. ഇന്നലെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെങ്കില്‍ ആരോ സ്വാധീനിച്ചുവെന്ന് വേണം മനസിലാക്കാന്‍. ഇങ്ങനെയൊരു മൊഴിയുണ്ടെങ്കില്‍ വിധിക്ക് മുമ്പ് കോടതിയെ അറിയിക്കണമായിരുന്നു. കള്ളത്തരം ചെയ്യുമ്പോള്‍ ഒരുപാട് ലൂപ് ഹോള്‍സുണ്ടാകും. മുഖ്യമന്ത്രി ആരോപണത്തിന്‍റെ ശരശയ്യയില്‍ കിടക്കുമ്പോള്‍ പ്രതിപക്ഷത്തെ കുറച്ചു പേര്‍ക്കെതിരെ കൂടി ആരോപണങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.