‘അങ്ങയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാം’: പരിഹസിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, October 4, 2021

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ എങ്ങും തൊടാത്ത മറുപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സീറ്റുകള്‍ അധികം വരുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയവെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം.

അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി അനുവദിക്കില്ല. ഏഴ് ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചു. 4.25 ലക്ഷം പേര്‍ക്കാണ് പ്രവേശനം നല്‍കാനാവുന്നതെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ സീറ്റുകൾ മിച്ചം വരും. 71,230 മെറിറ്റ് സീറ്റ് ഒന്നാം അലോട്ട്മെന്‍റിന് ശേഷം ഒഴിവുണ്ടെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രി സഭയിൽ അറിയിച്ചത്.

എന്നാൽ ബാച്ചുകള്‍ പുനഃക്രമീകരിച്ച് പ്രശ്നം പരിഹരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പണമുള്ളവരുടെ മക്കള്‍ മാത്രം പഠിച്ചാല്‍ മതിയെന്നതാണോ വിദ്യാഭ്യാസ മേഖലയിലെ സമീപനമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്കു പോലും പ്ലസ് വണ്‍ പഠനത്തിന് ഇഷ്ട വിഷയമോ ഇഷ്ട സ്‌കൂളോ ലഭിക്കാത്ത അവസ്ഥ ഗൗരവമായി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രശ്നം പരിഹരിക്കാമെന്ന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അപ്രായോഗികമാണ്. സീറ്റുകളല്ല, ബാച്ചുകളാണ് കൂട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായ കണക്കുകള്‍ ഉദ്ധരിച്ച് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ ലഘൂകരിച്ചു കാണാനാണ് വിദ്യാഭ്യാസമന്ത്രി ശ്രമിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്‍റെ അപ്രായോഗിക സമീപനം മൂലം ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയാകുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്ത കണക്കുകളാണ് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി മന്ത്രി പറഞ്ഞ കണക്കനുസരിച്ചാണെങ്കില്‍ ഇവിടെ സീറ്റ് മിച്ചം വരും. അങ്ങനെയെങ്കില്‍ തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കുട്ടികളെ കൊണ്ടുവന്നു ചേര്‍ക്കാം എന്ന പ്രതിപക്ഷ നേതാവിന്‍റെ പരിഹാസദ്യോതകമായ വാക്കുകള്‍ക്ക് ‘അവിടെ എസ്എസ്എല്‍സി പരീക്ഷ നടക്കാത്തതിനാല്‍ ഹയര്‍സെക്കന്‍ഡറിയില്‍ ചേര്‍ക്കാന്‍ പറ്റില്ല’ എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ മറുപടി.

‘ഇത്തരത്തിലാണ് മന്ത്രിയുടെ മറുപടിയെങ്കില്‍ വളരെ നന്നായിരിക്കും. തമിഴ്നാട്ടിലും കര്‍ണാടകത്തിലും പ്ലസ് വണ്ണിന് ആരും ചേരുന്നില്ല എന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ മറുപടിയെങ്കില്‍ അങ്ങയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് ഒരു സലാം’ – പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു.