‘ഈ കെട്ടകാലത്ത് പ്രതീക്ഷയുടെ പൊൻകിരണമാണ് ആനി ശിവയുടെ ജീവിതം’ ; അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, June 27, 2021

തിരുവനന്തപുരം :  പ്രതിസന്ധികളോട് പടവെട്ടി പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ആനി ശിവയാണ് സമൂഹമാധ്യമങ്ങളിലെ താരം. സിനിമാക്കഥയെ വെല്ലുന്ന ജീവിതമായിരുന്നു ആനിയുടേത്. ഭർത്താവും സ്വന്തം വീട്ടുകാരും ഉള്‍പ്പെടെ കൈവിട്ടതോടെ ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സിൽ തെരുവിലേക്കിറങ്ങുകയായിരുന്നു അവർ.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവർ ആനിയെ അഭിനന്ദിച്ച് രംഗത്തെത്തി. ആൺകോയ്മയുടെയും സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി സഹോദരിമാരും പെൺമക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത് പ്രതീക്ഷയുടെ പൊൻകിരണമാണ് ആനി ശിവയുടെ ജീവിതമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് പോരാടാനുള്ള പ്രചോദനമാവണം ആനി ശിവയെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

“പത്തു വർഷങ്ങൾക്ക് മുൻപ് വർക്കല ശിവഗിരി തീർത്ഥാടനത്തിന് നാരങ്ങാ വെള്ളം വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക”
ഒരു ജീവിതകാലത്തെ മുഴുവൻ പ്രതിസന്ധികളോടും ഒറ്റയ്ക്ക് നിന്ന് പോരാടി ജയിച്ച അവളുടെ വാക്കുകൾ ഒരു സിനിമാക്കഥയിൽ ആണെങ്കിൽ എഴുന്നേറ്റു നിന്ന് കയ്യടിക്കും നമ്മൾ. ആൺകോയ്മയുടെയും, ഈ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി നമ്മുടെ സഹോദരിമാരും പെൺമക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊൻകിരണമാണ് ആനി ശിവയുടെ ജീവിതം. ഇതിനിടയിൽ അനുഭവിക്കാത്തതായി ഒന്നും ഇല്ല. പക്ഷെ അതിനെയെല്ലാം എതിർത്ത് സ്വന്തം മകനെയും ചേർത്ത് നിർത്തി ഈ സമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ അവൾ ഒരു ഐക്കൺ ആവുകയാണ്. ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് പോരാടാനുള്ള പ്രചോദനമാവണം ആനി ശിവ. അധികം വൈകാതെ നേരിട്ട് കണ്ട് എനിക്ക് സബ് ഇൻസ്‌പെക്ടർ ആനി ശിവയെ ഒന്ന് അഭിനന്ദിക്കണം.