സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരം; ബിജെപിയുടെ നാവായി പിണറായി വിജയന്‍ മാറിയെന്ന് വി.ഡി. സതീശന്‍

കൊച്ചി: സ്മൃതി ഇറാനിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മുസ്ലീം ലീഗ് ഇന്ത്യ മുന്നണിയുടെ ഭാഗം. കാലങ്ങളായി ലീഗ് കോണ്‍ഗ്രസിനൊപ്പം. സമാന ആരോപണം മുഖ്യമന്ത്രിയും ഉന്നയിച്ചിരുന്നു. ബിജെപിയുടെ നാവായി പിണറായി വിജയന്‍ മാറിയെന്നും പ്രതിപക്ഷനേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലീഗുമായുള്ള കോണ്‍ഗ്രസിന്‍റെ ബന്ധം ദേശീയതലത്തില്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. ഇന്ത്യന്‍ യൂണിയന്‍ i മുസ്ലീംലീഗിന് കേരളത്തില്‍ മാത്രമല്ല കോണ്‍ഗ്രസുമായി ബന്ധമുള്ളത്. ഇന്ത്യ മുന്നണിയിലും അംഗമാണ്. നാല് പതിറ്റാണ്ടുകാലമായി യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലീംലീഗ്. ആ ബന്ധം മറച്ചുവയ്‌ക്കേണ്ട ആവശ്യം കേരളത്തിലെയോ ദേശീയതലത്തിലെയോ കോണ്‍ഗ്രസിനില്ല. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്ഷേപം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകം കേന്ദ്രമന്ത്രി സ്മൃതി ഇറാനി അതേ ആരോപണം ഉന്നയിച്ചത് അദ്ഭുതകരമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരവും ഒരേ വാദങ്ങളുമാണ്. രണ്ടു പേരുടെയും പ്രസ്താവന ഒരു സ്ഥലത്താണോ തയാറാക്കിയതെന്ന് സംശയം തോന്നുന്ന തരത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരായ ആക്ഷേപം. രാജ്യത്താകെ സഞ്ചരിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ആക്ഷേപം ചൊരിയാന്‍ ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്ന ആളാണ് സ്മൃതി ഇറാനി. ബിജെപി നേതൃത്വം ചെയ്യുന്നതു പോലെ തന്നെ രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും ശക്തിയുമാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗന്ധിയെ ആക്ഷേപിച്ചാല്‍ ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താമെന്നും അതിലൂടെ ബിജെപിയുടെ പ്രീതി സമ്പാദിക്കാനുമാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. മാസപ്പടിയും കരുവന്നൂര്‍ കൊള്ളയും ഉള്‍പ്പെടെ സ്വന്തം കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട അഴിമതി കേസുകള്‍ അന്വേഷിക്കുമെന്ന ഭീതിയിലാണ് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള പ്രസ്താവനകളുമായി പിണറായി വിജയന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ബിജെപിയുടെ അതേ വാക്കുകളാണ് പിണറായിയും ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments (0)
Add Comment