ഗവർണർ പിണറായിയുടെ വിനീതവിധേയന്‍; സർക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു: രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, January 4, 2022

 

തിരുവനന്തപുരം: ഗവർണർ വിമർശനത്തിന് അതീതനല്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സർക്കാരിന്‍റെ തെറ്റായ പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ഗവർണർ ചെയ്യുന്നത്. ഗവർണർ പിണറായിയുടെ വിനീതവിധേയനായി പ്രവര്‍ത്തിക്കുകയാണെന്നും രാജാവിനെക്കാളും വലിയ രാജഭക്തിയാണ് ഗവർണർക്കെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ചാൻസിലർ പദവിയിൽ ഇരുന്ന് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ഗവർണർ ചെയ്യുന്നില്ല. അതിനെയാണ് എതിർക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാർ ചെയ്ത നിയമലംഘനങ്ങൾക്ക് കുട പിടിക്കുകയാണ് ഗവർണർ ചെയ്യുന്നത്. ഭരണഘടനാസ്ഥാനത്ത് ഇരിക്കുന്നവർ ആ സ്ഥാനത്തെയും നിയമവ്യവസ്ഥയെയും ബഹുമാനിക്കണം.  ഗവർണർ വിമർശനത്തിന് അതീതനല്ല എന്നത് ഭരണഘടനയുടെ ആർട്ടിക്കിള്‍ 51 എയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗവർണർ ബിജെപിയുടെ നാവായി മാറുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.