കെ റെയിലില്‍ ലക്ഷ്യം കൊള്ള; ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയാറുണ്ടോ? : മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, December 31, 2021

 

കൊച്ചി : കെ റെയിലില്‍ മുഖ്യമന്ത്രി വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കുന്ന പദ്ധതിയാണ് കെ റെയിലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് പദ്ധതിയുടെ വിശദമായ റിപ്പോർട്ട് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.

പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) പുറത്തുവിടാത്തത് ദുരൂഹമാണ്. പദ്ധതിയിലൂടെ വന്‍ കൊള്ള ലക്ഷ്യമിടുന്നതുകൊണ്ടാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ രഹസ്യമാക്കിവെക്കുന്നത്. ലക്ഷ്യമിടുന്നത്. യഥാർത്ഥ ഡിപിആർ വളച്ചൊടിച്ച് പുതിയ റിപ്പോർട്ട് തയാറാക്കുകയാണ് സർക്കാർ. രണ്ട് മണിക്കൂർ നിയമസഭയിൽ ചർച്ച ചെയ്യാൻ തയാറാകാത്ത മുഖ്യമന്ത്രി യുഡിഎഫിന് ക്ലാസെടുക്കാൻ വരേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിമർശിക്കുന്നവരെ മുഖ്യമന്ത്രി മവോയിസ്റ്റും വർഗീയ വാദിയും ആയി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പോലെ ഏകാധിപതിയായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിന് സമരം ചെയ്യാൻ ബിജെപിയുടെയും എസ്.ഡി.പി.ഐയുടെയും കൂട്ട് വേണ്ട. ന്യൂനപക്ഷ വർഗീയതേയും ഭൂരിപക്ഷ വർഗീയതയേയും എന്നും എതിർക്കുന്നവർ ആണ് യുഡിഎഫ്. സിപിഎമ്മാണ് ഇവർക്കൊപ്പം കൂട്ട് കൂടിയത്. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് സമരം ചെയ്യേണ്ട ഗതികേട് കോൺഗ്രസിനും യുഡിഎഫിനും ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അധികാരത്തിൻ്റെ ഹുങ്കിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ ജനശക്തി കൊണ്ട് ചെറുത്ത് തോൽപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. യുഡിഎഫും കോൺഗ്രസും രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

https://www.facebook.com/JaihindNewsChannel/videos/442046650751311