യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയത് സിപിഎം അറിവോടെ; കേസുകൾ നിയന്ത്രിക്കുന്നത് ഉപജാപക സംഘമെന്ന് വി.ഡി സതീശൻ

കൊച്ചി: എറണാകുളത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിഷേധങ്ങളില്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷനേതാവ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയത്. എന്നാൽ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഒരേ രീതിയിലുളള എഫ്ഐആർ ആണ് എഴുതിയിട്ടുളളത്. കേരളത്തിൽ രണ്ട് നീതിയാണ് നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉളളതെന്നും വി. ഡി സതീശൻ വിമർശിച്ചു.

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയത് സിപിഎം അറിവോടെയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. ഏരിയ സെക്രട്ടറി ആണോ ഇത് തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം കേസുകൾ നിയന്ത്രിക്കുന്നു. ആ ഉപജാപക സംഘമാണ് ഈ കേസുകളൊക്കെ നിയന്ത്രിക്കുന്നത്. കൊച്ചി പോലീസ് കമ്മീഷണറെ കസേരയിൽ നിന്ന് മാറ്റി ഏരിയ സെക്രട്ടറിയെ ഇരുത്തിയാൽ മതി. ഏത് വകുപ്പി‌ടണമെന്ന് തീരുമാനിക്കുന്നത് ഏരിയ സെക്രട്ടറി അല്ലെ. എത്ര പരിതാപകരമായ അവസ്ഥയാണിതെന്നും വി ഡി സതീശൻ പറഞ്ഞു.

Comments (0)
Add Comment