പോലീസ് ജീപ്പുകള്‍ക്ക് എണ്ണയടിക്കാന്‍ പൈസയില്ല; മനസാക്ഷി ഇല്ലാതെ സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നുവെന്ന് വിഡി സതീശന്‍

Jaihind Webdesk
Wednesday, November 1, 2023


സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന കേരളീയം പരിപാടി ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മനസാക്ഷി ഇല്ലാതെ സര്‍ക്കാര്‍ കോടികള്‍ ചെലവിടുന്നുവെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ഏറ്റവും വലിയ കടക്കെണിയിലാണുള്ളത്. എല്ലാവിധ പെന്‍ഷനുകളും മുടങ്ങി. സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സപ്ലൈക്കോയിലെ ഇ-ടെന്‍ഡറില്‍ കഴിഞ്ഞ രണ്ട് മാസമായി ആരും പങ്കെടുക്കുന്നില്ല. ആറ് മാസത്തെ കുടിശികയാണ് നല്‍കാനുള്ളത്. മഹാമാരിക്കാലത്തെ കിറ്റിന്റെ പണം കൊടുക്കാനുണ്ടെന്നും വിഡി സതീശന്‍ പറയുന്നു. സര്‍ക്കാര്‍ കൊള്ളക്കാരെ രക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പൊലീസ് ജീപ്പുകള്‍ക്ക് എണ്ണ അടിക്കാന്‍ പോലും പൈസ ഇല്ല. എന്ത് കാര്യത്തിനാണ് കേരളീയം പരിപാടി നടത്തുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.