ധനമന്ത്രിയോടെങ്കിലും സെക്രട്ടറിയേറ്റില്‍ വന്നിരിക്കാന്‍ പറയണം; തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയെന്ന് പ്രതിപക്ഷനേതാവ്

Jaihind Webdesk
Tuesday, December 5, 2023


കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് കോണ്‍ഗ്രസിന് വിയോജിപ്പുണ്ടെന്നും അതിനാലാണ് ടിഎന്‍ പ്രതാപന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന നിലപാടില്ല. കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണം.ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും സെക്രട്ടറിയേറ്റില്‍ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല. ധനമന്ത്രിയോട് എങ്കിലും സെക്രട്ടേറിയേറ്റില്‍ വന്നിരിക്കാന്‍ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു.

തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പരാമര്‍ശം സര്‍ക്കാര്‍ പരിശോധിക്കണം.നവകേരള സദസ് അശ്ലീല നാടകമാണ്.രാഷ്ട്രീയ എതിരാളികള്‍ക്ക് തലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട് എന്ന് പിണറായി വിജയന്‍ നിരന്തരം പറയാറുണ്ട്. മറ്റുള്ളവരുടെ മാനസികാവസ്ഥയില്‍ സംശയം തോന്നുന്ന പിണറായി വിജയന്‍ ആണ് ഡോക്ടറെ കാണേണ്ടത് അത്തരം മാനസികാവസ്ഥ തന്നെ ഒരു അസുഖമാണ്. അതില്‍ ഉപദേശം കൊണ്ട് കാര്യമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ മന്ത്രി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു. പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് എ.വി.ഗോപിനാഥന്റെ രാജി നേരത്തെ സ്വീകരിച്ചിരുന്നില്ല. സംഘടനാപരമായി ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തത് കൊണ്ടാണ് നടപടി എടുത്തതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.