പ്രളയ ഫണ്ട് തട്ടിപ്പ് കേസ് മുന്നോട്ട് നീങ്ങുന്നത് സിപിഎം ജില്ലാകമ്മിറ്റിയുടെ തിരക്കഥയുടെ അടിസ്ഥാനത്തിലെന്ന് വി.ഡി സതീശൻ

Jaihind News Bureau
Tuesday, June 23, 2020

കൊച്ചിയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസ് മുന്നോട്ട് നീങ്ങുന്നത് സി.പി.എം എറണാകുളം ജില്ല കമ്മിറ്റി ഓഫീസിൽ നിന്നും തയ്യാറാക്കുന്ന തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് വി.ഡി സതീശൻ എം.എൽ എ. ഇപ്പോൾ നടക്കുന്ന പോലീസ് അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

തട്ടിപ്പ് കേസിലെ പ്രതികൾക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. തട്ടിപ്പ് നടത്തിയ പണം നേതാക്കളുടെ കൈവശം എത്തിയതിനാൽ ജാമ്യം ലഭിച്ച പ്രതികളെ സിപിഎം ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും വി.ഡി സതീശൻ എം.എൽ.എ പറഞ്ഞു. സി.പി.എമ്മിന്‍റെ ലോക്കൽ കമ്മിറ്റി മുതൽ ജില്ല കമ്മിറ്റി വരെയുള്ള നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ കലക്ട്രേറ്റിൽ നിന്നും നഷ്ടമായതായും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. തട്ടിപ്പ് മൂടി വെച്ച് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഉന്നത നേതാക്കളുടെ പേര് പുറത്ത് വരുന്നത് ഭയന്നാണെന്നും ജില്ലയിലെ സി.പി.എം ഏരിയ കമ്മിറ്റികൾ അധോലോക സംഘടനകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈബി ഈഡൻ എം പി, ടി.ജെ.വിനോദ് എം.എൽ.എ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.