നവകേരള സദസിന്‍റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാടുന്നു; പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണും: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, November 20, 2023

തിരുവനന്തപുരം: നവകേരള സദസിന്‍റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.  സതീശന്‍. കല്യാശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ്,  കെ എസ് യു പ്രവർത്തകരെ സിപിഎം -ഡിവൈഎഫ്ഐ ക്രിമനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് . അതിന്‍റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സിപിഎം ഗുണ്ടകൾക്ക് അനുമതി നൽകിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സി.പി.എം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പോലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ  ജനാധിപത്യ പ്രതിഷേധത്തിന്‍റെ ചൂടറിയുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും അദ്ദേഹം പറഞ്ഞു.