ജലീലിന്‍റെ ഗവേഷണ പ്രബന്ധത്തിലെ പിശകുകള്‍ പരിശോധിക്കാതെ വി.സിയുടെ അന്വേഷണ റിപ്പോർട്ട്

Jaihind News Bureau
Wednesday, November 25, 2020

 

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ ഗവേഷണ പ്രബന്ധത്തിലെ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും പരിശോധിക്കാതെ കേരള സർവ്വകലാശാല വി.സി യുടെ അന്വേഷണ റിപ്പോർട്ട്. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ പരിശോധിക്കാതെ ജലീലിന്‍റെ ബിരുദം ചട്ടപ്രകാരമെന്ന് ചൂണ്ടികാട്ടി വി.സി ഗവർണർക്ക് റിപ്പോർട്ട് നൽകി. പ്രബന്ധം പരിശോധിക്കാൻ നിഷ്പക്ഷമായ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി ഗവർണർക്ക് വീണ്ടും പരാതി നൽകും.

ജലീലിന്‍റെ ഗവേഷണ പ്രബന്ധത്തിലെ തെറ്റുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാട്ടി നൽകിയ പരാതി പരിശോധിക്കാതെയാണ് ഗവേഷണ ബിരുദം ചട്ടപ്രകാരം നൽകിയതാണെന്ന് കേരള സർവ്വകലാശാല വി.സി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

മന്ത്രിയുടെ പ്രബന്ധം സംബന്ധിച്ച് ലഭിച്ച പരാതി ഗവർണർ, കേരളാ വിസി യുടെ പരിശോധനക്ക് കൈമാറിയിരുന്നു. തുടർന്നാണ് ബിരുദം ചട്ടപ്രകാരമാണ് നൽകിയിട്ടുള്ളതെന്ന വിശദീകരണം വിസി നൽകിയിരിക്കുന്നത്. ബിരുദം ചട്ടപ്രകാരമല്ല നൽകിയതെന്ന ആക്ഷേപം പരാതിയിൽ ഉന്നയിച്ചിരുന്നില്ല.

മന്ത്രിയുടെ പ്രബന്ധത്തിൽ മുഴുവനും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണെന്നും പ്രബന്ധ വിഷയത്തിൽ ഗവേഷകന്‍റെ മൗലിക സംഭാവനകൾ ഒന്നുമില്ലെന്നുമായിരുന്നു പരാതി. വിശദമായി പരിശോധിച്ച് നടപടിയെടുക്കാൻ ഗവർണർ കേരള വിസിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പരാതിയിൽ ഉന്നയിച്ചിരുന്ന ആക്ഷേപങ്ങൾ അന്വേഷിക്കുവാൻ വിസി തയ്യാറായില്ല.

മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ അധികരിച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീൽ 2006ൽ കേരള സർവകലാശാലയിൽ ഡോക്ടറേറ്റ് ബിരുദം സ്വന്തമാക്കിയത്. ഗവേഷണ പ്രബന്ധങ്ങളിൽ തെറ്റുകളും കുറവുകളും ഉണ്ടാവുക സ്വാഭാവികമാണെന്ന വിചിത്രമായ വാദം പരാതി പുറത്തുവന്നപ്പോൾ മന്ത്രി തന്നെ ഉന്നയിച്ചിരുന്നു.

പ്രബന്ധത്തിൽ തെറ്റുകളുണ്ടെങ്കിൽ അവ പൂർണമായും തിരുത്തിയതിന് ശേഷം മാത്രമേ സർവ്വകലാശാല ഡിഗ്രി നൽകുവാൻ പാടുള്ളൂ. ഈ പ്രബന്ധങ്ങൾ പിൽക്കാലത്ത് ഗവേഷണവിദ്യാർത്ഥികൾ റഫറൻസിന് ഉപയോഗിക്കുമ്പോൾ തെറ്റുകൾ ആവർത്തിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ് സർവ്വകലാശാല ഈ നിബന്ധന വച്ചിട്ടുള്ളത്. എന്നാൽ ജലീലിന്‍റെ പ്രബന്ധത്തിൽ ഇത് പാലിച്ചിട്ടില്ലെന്ന് മാത്രമല്ല പരാതി പരിശോധിക്കാനോ പ്രബന്ധത്തിലെ തെറ്റുകൾ നീക്കം ചെയ്യിക്കാനോ സർവകലാശാല തയ്യാറായിട്ടുമില്ല.