വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; തലച്ചോറിന്‍റെ പ്രവര്‍ത്തനത്തില്‍ ഡോക്ടര്‍മാര്‍

Tuesday, February 1, 2022

കോട്ടയം : പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിന്‍റെ നിലയിൽ നേരിയ പുരോഗതി. തലച്ചോറിന്‍റെ പ്രവർത്തനത്തിൽ നേരിയ പുരോഗതി കൈവന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയമിടിപ്പും രക്ത സമ്മർദ്ദവും സാധാരണ നിലയിലായിട്ടുണ്ട്.

കോട്ടയം കുറിച്ചിയില്‍ വെച്ച് ഇന്നലെയാണ് വാവ സുരേഷിന് പാമ്പിന്‍റെ കടിയേറ്റത്. പിടികൂടിയ പാമ്പ് നാലു തവണ ചാക്കിൽ നിന്ന് പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. സുരേഷിന്‍റെ കയ്യിൽ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്‍റെ ഇടയിൽ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാർഡ്ബോർഡ് ബോക്സിലാക്കി സ്വന്തം കാറിൽ കൊണ്ടു വച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു.

സുരേഷിന്‍റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചിങ്ങവനത്ത് എത്തിയപ്പോൾ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്‍റ് കവലയെത്തിയോടെ ഛർദിച്ച് അവശ നിലയിലായി. ആശുപത്രിയിലെത്തിച്ചപ്പോള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം മന്ദീഭവിച്ചിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഹൃദയമിടിപ്പ് സാധാരണനിലയിലെത്തി. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിലെ  പുരോഗതി ആശ്വാസകരമായ വാര്‍ത്തയാണ്.