വട്ടിയൂര്‍ക്കാവില്‍ അധികം പിണറായി വേണ്ട; ശബരിമലപ്പേടിയില്‍ പ്രചരണ തന്ത്രങ്ങളില്‍ മാറ്റംവരുത്താന്‍ സിപിഎം

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ തന്ത്രങ്ങളില്‍ മാറ്റം വരുത്തി സി.പി.എം. മണ്ഡലത്തില്‍ തുടര്‍ച്ചയായ തിരിച്ചടികളാണ് ഇടതുമുന്നണി നേരിടുന്നത്. കഴിഞ്ഞ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇടതുമുന്നണി. മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല.

ഉപതെരഞ്ഞെടുപ്പിലും ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. ശബരിമല വിഷയം ഉപതെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ച വിഷയമാണ്. കണക്ക് കൂട്ടലില്‍ തിരിച്ചടി ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രചാരണ പരിപാടികളില്‍ നിന്ന് പരമാവധി ഒഴിവാക്കാനാണ് പാര്‍ട്ടി തീരുമാനം. പകരം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരിക്കും പ്രചരണത്തില്‍ സജീവമായിരിക്കുക. ഞായറാഴ്ച്ച നടക്കുന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതും കോടിയേരി ബാലകൃഷ്ണനാണ്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. ക്ലിഫ് ഹൗസിന് വിളിപ്പാടകലെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രിയെ ഉദ്ഘാടനത്തില്‍ നിന്നും ഒഴിവാക്കിയത് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായാണ്. സി.പി.എമ്മിന്റെ പതാക പരമാവധി ഒഴിവാക്കി ഡി.വൈ.എഫ്.ഐ പതാക പ്രചാരണത്തിന് ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. വി.കെ. പ്രശാന്തിനെ മഹത്വവത്കരിച്ച് ‘മേയര്‍ ബ്രോ’ എന്ന ഹാഷ്ടാഗിലായിരിക്കും പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നിരുന്നു. ഇത് ഒഴിവാക്കാന്‍ ഈ മേഖലകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രചരണം നടത്താനാണ് തീരുമാനം. അതേ സമയം വി.കെ. പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാതെ ചൊല്ലി പടലപ്പിണക്കാത്തതും ഇപ്പോള്‍ പാര്‍ട്ടി ജില്ലാ ഘടകത്തില്‍ നിലനില്‍ക്കുകയാണ്.

Comments (0)
Add Comment