അഞ്ചുപേരുടെ ജീവനെടുത്ത വർക്കല തീപിടിത്തം; തീ പടർന്നത് എസിയില്‍ നിന്നെന്ന് നിഗമനം

 

തിരുവനന്തപുരം: വർക്കലയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം എസിയിലെ ഷോർട്ട് സർക്യൂട്ട് മൂലമെന്ന് നിഗമനം. മൂന്ന് കിടപ്പുമുറികളിലേയും എസി കത്തിയ നിലയിലെന്ന് പോലീസ്. ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് സംഭവം. വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയായ പ്രതാപനും കുടുംബവുമാണ് മരിച്ചത്.

വർക്കല ചെറുന്നിയൂരിൽ വീടിന് തീപിടിച്ച് എട്ടു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ച സംഭവത്തിൽ തീ പടർന്നത് വീട്ടിനുള്ളിൽ നിന്നെന്ന് ഫയർഫോഴ്സ് സംഘത്തിന്‍റെ വിലയിരുത്തൽ. അകത്തുനിന്ന് തീ കാർ പോർച്ചിനുള്ളിലെ ബൈക്കുകളിലേക്ക് പടരുകയായിരുന്നു.

വർക്കല ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്‍റെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), മരുമകൾ അഭിരാമി (25), ഇളയമകൻ അഹിൽ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മകൻ നിഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപിടിത്തത്തില്‍ വീടിന്‍റെ ഉൾവശം പൂർണമായും കത്തി നശിച്ചു. തീ പടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. അഭിരാമിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം വീടിനുള്ളിലെ ബാത്റൂമിൽ നിന്നുമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1.40 ഓടെയാണ് വീട്ടിനുള്ളിലേക്ക് തീപടർന്നത്. വീട്ടിനുള്ളിലെ ജിപ്സം വർക്കുകളും തീപടരുന്നതിന് കാരണമായി എന്നും വിലയിരുത്തലുണ്ട്.

Comments (0)
Add Comment