വനിതാ മതില്‍: പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദവും ഭീഷണിയും. വ്യക്തമാകുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം

വനിതാ മതിലില്‍ പങ്കെടുക്കാന്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഭീഷണിയും സമ്മര്‍ദ്ദവും തുടരുന്നതായി ആരോപണമുയരുന്നു. വിവാദ മതില്‍ വിജയിപ്പിക്കാന്‍ നിരവധി ഉത്തരവുകളാണ് ഇതിനകം തന്നെ പുറത്തു വന്നിട്ടുള്ളത്. മതില്‍ സംഘാടനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കില്ലെന്ന മുഖ്യമന്ത്രിയുടെയും ഇടതു സര്‍ക്കാരിന്റെയും നിര്‍ദ്ദേശം നിലനില്‍ക്കെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗത്തിന്റെ വ്യക്തമായ ചിത്രമാണ് പുറത്തു വരുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മതിലില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കാനുള്ള നീക്കമാണ് അരങ്ങേറുന്നത്.

നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ശബരിമല യുവതീപ്രവേശത്തിനെതിരായാണ് സര്‍ക്കാര്‍ വനിതാ മതില്‍ നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവിധ സാമുദായിക സംഘടനകളെ കൂട്ടിയുള്ള പരിപാടിക്കെതിരെ മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. എന്‍.എസ്.എസ് അടക്കമുള്ള പല സാമുദായിക സംഘടനകളും ഇതിനെതിരെ രംഗത്തുണ്ട്. നവോത്ഥാനവും ശബരിമലയിലെ യുവതീപ്രവേശവും രണ്ടാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന എന്‍.എസ്.എസ് മതിലിനെതിരെ കടുത്ത വിമര്‍ശനമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.

വനിതാശാക്തീകരണത്തിന് നീക്കിവെച്ചിട്ടുള്ള തുകയില്‍ നിന്നും പണം ചിലവഴിക്കുമെന്ന് സര്‍ക്കാര്‍ െഹെക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഇതിനകം തന്നെ വിവാദമായിക്കഴിഞ്ഞിട്ടുണ്ട്. പിന്നീട് മുഖ്യമന്ത്രി നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞെങ്കിലും ഇതിന് വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് വിവിധ വകുപ്പുകളെ കൊണ്ട് ഉത്തരവുകള്‍ ഇറക്കി സര്‍ക്കാര്‍ മതില്‍ വിജയിപ്പിക്കാനുള്ള നീക്കം സജീവമാക്കുന്നത്. തിരുവനന്തപുരത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കൊച്ചിയില്‍ ആലുവ തഹസില്‍ ദാസരും ഇതിനകം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയാണ് അധ്യാപകരെ കളത്തിലിറക്കാന്‍ നീക്കം നടത്തുന്നത്. ഇതിനായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവും പുറത്തിറങ്ങിക്കഴിഞ്ഞു.

ഇതിനു പുറമേ സംസ്ഥാന വ്യാപകമായി മതിലിന്റെ പേരില്‍ പണപ്പിരിവും കൊഴുക്കുകയാണ്. സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ നല്‍കുമ്പോള്‍ പലരുടെ പക്കല്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഇതിനായി സംഭാവന വാങ്ങിയെന്ന ആരോപണവും ശക്തമായി നിലനില്‍ക്കുന്നു. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് സെരകട്ടേറിയറ്റിലെ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയാണ് മതിലില്‍ പങ്കെടുപ്പിക്കാന്‍ നീക്കം നടത്തുന്നത്. വനിതാ മതിലിനായി കുടുംബശ്രീയെയും രംഗത്തിറക്കിക്കഴിഞ്ഞു. പലയിടത്തും ചേര്‍ന്ന ആലോചനാ യോഗങ്ങളില്‍ മതിലിനെതിരായ വൈകാരിക പ്രകടനങ്ങള്‍ അരവങ്ങേറിയെങ്കിലും ഭീഷണിയും സമ്മര്‍ദ്ദവും മൂലം പലരും മതിലിനെതിരെയുള്ള ആക്ഷേപങ്ങള്‍ പൊതുവായി ഉന്നയിക്കാന്‍ മടികാട്ടുകയാണ്.

മതില്‍ സംഘാടനത്തിനുള്ള തുക ചെലവഴിക്കല്‍ എങ്ങനെയെന്നത് ഇപ്പോഴും അവ്യക്തമാണ്. ഇതിനായി ചെലവിടുന്ന പണത്തിന്റെ കണക്ക് കൃത്യമായി നല്‍കണമെന്ന നിര്‍ദ്ദേശവും െഹെക്കോടതി നല്‍കിയിട്ടുണ്ട്. പതിനെട്ട് വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളെ മതിലില്‍ നിന്നൊഴിവാക്കണമെന്നും കോടതി നിര്‍ദ്ദേശവും നിലവിലുണ്ട്. മതിലില്‍ പങ്കെടുക്കണമെന്ന തരത്തിലുള്ള ഭീഷണിയും സമ്മര്‍ദ്ദവും തുടരുന്നതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷവും ഉടലെടുത്തു കഴിഞ്ഞു. സി.പി.എമ്മിനും പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ക്കും പുറമേ സി.പി.ഐയും മറ്റ് ഇടതു സംഘടനകളും അവരോട് ആഭിമുഖ്യം പുലര്‍ത്തുന്നവരും നേതൃതവം നല്‍കുന്ന മതില്‍ വിജയിപ്പിക്കാന്‍ വിവിധ പാര്‍ട്ടികളുടെ സംഘടനാ സംവിധാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. പ്രളയ പുനര്‍നിര്‍മ്മാണത്തില്‍ പിന്നോക്കം പോയ കേരളത്തിലെ സര്‍ക്കാര്‍ പൊതുപണം മതിലിനായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവും സജീവമായി ഉന്നയിക്കപ്പെടുന്നു.

Comments (0)
Add Comment