അടുത്ത ചാലഞ്ച്: വനിതാമതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം; പ്രതിഷേധവുമായി ജീവനക്കാര്‍

തിരുവനന്തപുരം: സ്ത്രീകളായ എല്ലാ സംസ്ഥാന ജീവനക്കാരെയും അധ്യാപകരെയും വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ ജീവനക്കാര്‍ക്കുമേല്‍ സമ്മര്‍ദ്ദവമായി സര്‍ക്കാര്‍. ജീവനക്കാരുടെ ശമ്പളാവകാശത്തെ നിഷേധിച്ച് വിവാദത്തിലായ സാലറി ചാലഞ്ച് മാതൃകയില്‍ സര്‍വീസ് സംഘടനകള്‍ വഴിയാണ് ജീവനക്കാര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നത്.

ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ സംഘടനകളോട് മുന്നിട്ടിറങ്ങണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയിരിക്കുകയാണ്. ആശ-അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, തദ്ദേശസ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, സഹകരണ സംഘങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും വനിതകള്‍ എന്നിവരെയും പങ്കെടുപ്പിക്കാന്‍ നിര്‍ദേശമുണ്ട്.

ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ചെലവു പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും തുക അനുവദിക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ഉത്തരവിലുണ്ട്. സാമൂഹിക നീതിവകുപ്പിനാണ് ഇതിന്റെ ചുമതല. എല്ലാ വീടുകളിലും ലഘുലേഖകള്‍ എത്തിക്കാന്‍ ശിശു വികസന വകുപ്പിനെ ചുമതലപ്പെടുത്തി.

നാളെ മുതല്‍ 12 വരെ കലക്ടര്‍മാര്‍ യോഗം വിളിച്ചു സംഘാടക സമിതികള്‍ക്കു രൂപം നല്‍കണം. കലക്ടര്‍ സംഘാടക സമിതി കണ്‍വീനറും പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ജില്ലാ മേധാവി ജോയിന്റ് കണ്‍വീനറും ആകണമെന്നാണ് ഉത്തരവ്. സംസ്ഥാനതല ഏകോപനത്തിനു മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനും മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായി ഉപസമിതിയും രൂപീകരിച്ചു.

keralamnewsvanitha mathilgovt staffgovernment staffservice associations
Comments (0)
Add Comment