വണ്ടിപ്പെരിയാർ : പ്രതിയുടെ ഡിവൈഎഫ്ഐ ബന്ധം തെളിവ് നശിപ്പിക്കാനിടയാക്കരുത് ; കേസില്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം : വി.ഡി സതീശൻ

Jaihind Webdesk
Friday, July 9, 2021

ഇടുക്കി : വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കപ്പെടരുത്. കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെൺകുട്ടിയുടെ കുടുംബത്തിന് മുഴുവൻ നിയമ സഹായവും ലഭ്യമാക്കും. സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. വാളയാറിന് സമാനമായ കേസാണ് വണ്ടിപ്പെരിയാറിലേത്. വാളയാറിലെ പ്രതിക്ക് പാർട്ടി ബന്ധം ഉള്ളതിനാൽ തെളിവ് നശിപ്പിക്കപ്പെട്ടു. വണ്ടിപ്പെരിയാറിലെ പ്രതിക്ക് ഡിവൈഎഫ്ഐ ബന്ധം ഉള്ളതിനാൽ തെളിവ് നശിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.