
തിരുവനന്തപുരം: സി.പി.എമ്മില്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തുടക്കഥയാകുന്നു. പയ്യന്നൂരിലെ വിവാദങ്ങള്‍ക്ക് പിന്നാലെ തിരുവനന്തപുരം വഞ്ചിയൂരിലും രക്തസാക്ഷി ഫണ്ട് തട്ടിച്ചെന്ന ഗൗരവതരമായ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. 2008 ഏപ്രില്‍ ഒന്നിന് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവ് വഞ്ചിയൂര്‍ വിഷ്ണുവിന്റെ പേരില്‍ സമാഹരിച്ച ഫണ്ടിലാണ് തിരിമറി നടന്നത്.
വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനായി പാര്‍ട്ടി 10 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. എന്നാല്‍ ഇതില്‍ അഞ്ച് ലക്ഷം രൂപ മാത്രമേ കുടുംബത്തിന് കൈമാറിയുള്ളൂ എന്നും ബാക്കി അഞ്ച് ലക്ഷം രൂപ പാര്‍ട്ടി തന്നെ കൈവശം വച്ചതായും ആരോപണമുയര്‍ന്നു. കുടുംബത്തിന് താല്‍പ്പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധപൂര്‍വ്വമാണ് പാര്‍ട്ടി ഫണ്ട് പിരിച്ചതെന്നാണ് വിവരം. തങ്ങളുടെ കുടുംബത്തോട് സി.പി.എം നീതി കാട്ടിയില്ലെന്നും രക്തസാക്ഷിയുടെ പേരില്‍ പിരിച്ച പണം നേതാക്കള്‍ തട്ടിയെന്നും വിഷ്ണുവിന്റെ സഹോദരന്‍ വെളിപ്പെടുത്തി.
ഫണ്ട് തിരിമറിയില്‍ പാര്‍ട്ടി നേരത്തെ അന്വേഷണം നടത്തുകയും കുറ്റക്കാരനെന്ന് കണ്ടെത്തിയ നേതാവിനെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍, അച്ചടക്ക നടപടി നേരിട്ട ഈ നേതാവിനെ ഇപ്പോള്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായി വീണ്ടും ഉന്നത പദവിയില്‍ വാഴിച്ചിരിക്കുകയാണ്. മന്ത്രി വി. ശിവന്‍കുട്ടിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഈ പുതിയ പദവി നല്‍കിയതെന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.
രക്തസാക്ഷികളുടെ പേരില്‍ പിരിക്കുന്ന തുക അര്‍ഹരായ കുടുംബങ്ങള്‍ക്ക് നല്‍കാതെ നേതാക്കള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന പരാതി സി.പി.എമ്മില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പിന് സമാനമായ രീതിയില്‍ തലസ്ഥാനത്തും തട്ടിപ്പ് നടന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.