മലപ്പുറത്ത് 21കാരിയെ കൊലപ്പെടുത്തിയ സംഭവം : പ്രതി അൻവർ സജീവ സിപിഎം പ്രവർത്തകൻ

 

മലപ്പുറം : വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി അൻവർ സജീവ സിപിഎം പ്രവർത്തകൻ . 2016ലെ നിയസഭ തെരഞ്ഞെടുപ്പിലടക്കം  അൻവർ ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു. യുവതിക്ക് വേണ്ടിയുള്ള തിരച്ചിലിൽ പൊലീസിനെ സഹായിക്കാൻ എന്ന വ്യാജേന പ്രതി പൊലീസിനെ വഴിതെറ്റിക്കാനും ശ്രമിച്ചു.

42 ദിവസം മുന്‍പ് വളാഞ്ചേരിയിൽ കാണാതായ 21കാരിയുടെ മൃതദേഹം ഇന്നലെയാണ് യുവതിയുടെ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്ഥലം നടത്തിപ്പുകാരനും അയൽവാസിയുമായ  കഞ്ഞിപ്പുര സ്വദേശി വരിക്കോടത്ത് അൻവർ അറസ്റ്റിലായി. 2016ലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും തിരൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസിന്റെ പ്രചരണ പരിപാടിയിൽ അൻവർ സജീവമായിരുന്നു. യുവതിയെ കാണാതായത് മുതൽ നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിലിലും തുടർന്ന് യുവതിക്ക് വേണ്ടിയുള്ള തിരച്ചിലിലും അൻവർ പങ്കെടുത്തിരുന്നു.

യുവതിയുടെ മൃതദേഹം ഒളിപ്പിച്ച സ്ഥലത്ത് നേരത്തെ പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാർക്കൊപ്പം അൻവറും തിരച്ചിൽ നടത്തി. ഈ സമയത്തെ അൻവറിന്‍റെ ഭാവവ്യത്യാസം പൊലീസ് കാര്യമായി എടുത്തു. നേരത്തെ 3 തവണ അൻവറിനെ വിളിച്ചുവരുത്തി പൊലീസ് വിവരം ആരാഞ്ഞിരുന്നു. തുടർന്ന് ഇയാളെ വിട്ടയക്കുകയും പ്രതിയെ നിരീക്ഷിക്കാൻ നാട്ടുകാരെ  ചുമതലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം കണ്ടെത്തിയ ഇന്നലെ ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ്  കുറ്റം സമ്മതിച്ചത്. പ്രതി അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അൻവർ യുവതിയുടെ പക്കൽ ഉണ്ടായിരുന്ന സ്വർണം അപഹരിക്കാൻ വേണ്ടിയാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി നാട്ടുകാരും പറയുന്നു.

Comments (0)
Add Comment