വടുതല റെയിൽവെ മേൽപാലത്തിന്‍റെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കുമെന്ന് ഹൈബി ഈഡൻ

Jaihind News Bureau
Friday, January 29, 2021

2016ൽ നിർമ്മാണ അനുമതി ലഭിച്ച വടുതല റെയിൽവെ മേൽപാലത്തിന്‍റെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കാൻ റെയിൽവെയുമായി നടന്ന ചർച്ചയിൽ തീരുമാനമായതായി ഹൈബി ഈഡൻ എം പി അറിയിച്ചു.

ടി.ജെ വിനോദ് എംഎല്‍എയുടെ ഇടപെടലിനെ തുടർന്ന് ജി എ ഡി യുടെ അനുമതി ലഭിച്ചസാഹചര്യത്തിൽ ഭൂമി കുറച്ച് ഏറ്റെടുത്തു ദ്രുതഗതിയിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായി ഹൈബി ഈഡൻ എംപി പറഞ്ഞു. ഒരേക്കർ ഭൂമിയാണ് വടുതല മേൽപ്പാലത്തിനായി ഏറ്റെടുക്കേണ്ടതെന്നും
എറണാകുളം നിവാസികളുടെ ദീർഘകാല സ്വപ്നമാണ് വടുതല മേൽപ്പാലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേൽപ്പാല നിർമാണത്തോടനുബന്ധിച്ച ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായും ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. സംസ്ഥാന സർക്കാർ അനുവദിച്ച 35 കോടി രൂപയ്ക്ക് പുറമെ കിഫ്ബി വഴി 46 കോടി രൂപ ഉപയോഗിച്ചാണ് പണി പൂർത്തിയാക്കുന്നത്. പാലം പണി പൂർത്തിയാവുന്നതോടെ വടുതല, ചേരാനല്ലൂർ നിവാസികളുടെ വർഷങ്ങൾ നീണ്ട ദുരിതയാത്രക്കാണ് അറുതിയാവുക.