സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം അതിരൂക്ഷം ; ക്യാമ്പുകളുടെ പ്രവർത്തനം സ്തംഭിച്ചു

Jaihind Webdesk
Tuesday, April 20, 2021

 

തിരുവനന്തപുരം :  സംസ്ഥാനത്ത് വാക്‌സിന് ക്ഷാമം അതിരൂക്ഷം. പലയിടങ്ങളിലും മാസ് വാക്സിനേഷൻ കേന്ദ്രങ്ങൾ ഉൾപ്പെടെ അടച്ചു. കൊല്ലം ജില്ലയിലും പല ക്യാമ്പുകളുടെയും പ്രവർത്തനം സ്തംഭിച്ചു. രണ്ടാം ഡോസ് വാക്സിനേഷന് എത്തുന്നവരാണ് കൂടുതൽ പ്രതിസന്ധിയിലാകുന്നത്.

തലസ്ഥാനത്ത് പല വാക്സിനേഷൻ ക്യാമ്പുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല എന്ന നോട്ടീസ് പതിപ്പിച്ച നിലയിലാണ്. മരുന്ന് ക്ഷാമം മൂലം തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മെഗാ വാക്‌സിനേഷൻ ക്യാമ്പും മുടങ്ങി. സ്റ്റോക്ക് തീർന്നതിനാൽ പലരേയും മടക്കി അയക്കുന്ന കാഴ്ചയാണ് പല ക്യാമ്പുകളിലും കാണാനായത്.

തിരുവനന്തപുരം ജില്ലയിൽ മാത്രം 158 കേന്ദ്രങ്ങളാണ് വാക്സിൻ ക്ഷാമം മൂലം അടക്കേണ്ടി വന്നത്. ഏതാനും ചില വാർഡുകളിൽ മാത്രമാണ് ഇപ്പോൾ വാക്സീനേഷൻ നടത്തുന്നത്. ഇവിടങ്ങളിലും വളരെ കുറച്ച് ഡോസ് മരുന്ന് മാത്രമാണ് ബാക്കിയുള്ളത്. കൊല്ലം ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല.  വാക്സിൻ ക്ഷാമത്തെ തുടർന്ന്  വിവിധ പഞ്ചായത്തുകളിലെ ക്യാമ്പുകൾ മുടങ്ങി.

കോട്ടയത്ത് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും വാക്‌സിന്‍ എടുക്കാന്‍ എത്തിയതോടെയാണ് തിരക്ക് കൂടിയത്. പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ രാവിലെ ആറുമണിമുതല്‍ ക്യൂ നില്‍ക്കുകയാണ്. 1000 പേര്‍ക്ക് മാത്രമെ ഒരു ദിവസം ഇവിടെ വാക്‌സിന്‍ നല്‍കുകയുള്ളു.

അടുത്ത ഘട്ട വാക്സിൻ കേന്ദ്രത്തിൽ നിന്നും എത്രയും വേഗം എത്തിച്ചാൽ മാത്രമേ നിലവിലെ പ്രതിസന്ധി മറികടക്കാൻ കഴിയൂ. 50 ലക്ഷം ഡോസ് വാക്സിൻ വേണം എന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വാക്സിൻ എന്ന് എത്തുമെന്നതിനെ കുറിച്ച് ആരോഗ്യവകുപ്പിനും വ്യക്തമായ ധാരണയില്ല എന്നത് ആശങ്കയുളവാക്കുന്നുണ്ട്.