കൊവിഡ് മുക്തരായി മൂന്നുമാസത്തിന് ശേഷം മാത്രം വാക്സിൻ: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കൊവിഡ് മുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രമേ ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള വാക്‌സിനുകൾ എടുക്കാവൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.  സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു.

കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള എല്ലാ വാക്‌സിനുകളുമെടുക്കുന്നത് മൂന്ന് മാസത്തേക്ക് മാറ്റിവെക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ നിര്‍ദേശിച്ചു. പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്‍റെ ശാസ്ത്രീയ തെളിവുകളുടെയും ശുപാർശയുടെയും അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെയുള്ള നടപടിയിൽ വ്യക്തത വരുത്തിയാണ് പുതിയ നിർദേശം.  സംസ്ഥാനങ്ങളിൽ വാക്സീൻ എടുക്കുന്ന കാലയളവിനെ ചൊല്ലി ആശയകുഴപ്പം ഉയർന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം. ഇത് കൃത്യമായി പാലിക്കണമെന്നും കത്തിൽ നിര്‍ദേശിക്കുന്നു.

വാക്സീൻ ഇടവേള മൂന്നുമാസവും കരുതൽ േഡാസിന് 9 മാസവും എന്ന രിതീയിലായിരുന്നു കേന്ദ്രസർക്കാർ നേരത്തേ മാർഗനിർദേശം പുറത്തിറക്കിയിരുന്നത്. എന്നാൽ കൊവിഡ് മുക്തരായവർ ഒരുമാസത്തിനകം തന്നെ വാക്സിൻ എടുക്കുന്നുണ്ടായിരുന്നു. ഇതിലെ അവ്യക്തത ഒഴിവാക്കാനാണ് പുതിയ നിർദേശം പുറത്തിറക്കിയത്.

Comments (0)
Add Comment