
പയ്യോളി: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന്‍ (63) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30-ഓടെ തിക്കോടി പെരുമാള്‍പുരത്തെ വസതിയില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
വീട്ടില്‍ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണ ശ്രീനിവാസനെ ഉടന്‍തന്നെ പെരുമാള്‍പുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിഐഎസ്എഫില്‍ ഇന്‍സ്‌പെക്ടറായിരുന്ന അദ്ദേഹം പൊന്നാനി സ്വദേശിയാണ്. നിലവില്‍ കുടുംബത്തോടൊപ്പം പയ്യോളിയിലെ വീട്ടിലായിരുന്നു താമസം.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പി.ടി. ഉഷ നിലവില്‍ ഡല്‍ഹിയിലാണുള്ളത്. മരണവാര്‍ത്തയറിഞ്ഞ് അവര്‍ നാട്ടിലേക്ക് തിരിച്ചു. ഡോ. ഉജ്ജ്വല്‍ വിഘ്നേഷ് ഏക മകനാണ്. സംസ്‌കാരം പിന്നീട് നടക്കും.