സഭയില്‍ നടപ്പാക്കിയത് ഇടതുമുന്നണിയുടെ തീരുമാനമെന്ന് ശിവന്‍കുട്ടി ; പിന്നാലെ പോസ്റ്റ് തിരുത്തി മന്ത്രി

തിരുവനന്തപുരം : നിയമസഭയിലെ സമരം ഇടതുമുന്നണിയുടെ തീരുമാനം ആയിരുന്നെന്ന ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി മന്ത്രി വി.ശിവന്‍കുട്ടി. കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി വന്നതിനുപിന്നാലെയായിരുന്നു ശിവന്‍കുട്ടിയുടെ പോസ്റ്റ്. ഇടതുമുന്നണിയുടെ തീരുമാനം നടപ്പാക്കുകയായിരുന്നുവെന്ന വരികള്‍ പുതിയ പോസ്റ്റില്‍ നിന്നും മന്ത്രി നീക്കി. പോസ്റ്റിനുതാഴെ വ്യാപകവിമർശനമാണുയരുന്നത്.

കേസില്‍  സർക്കാരിന്റെ ഹർജി തളളിയ കോടതി  മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്ന് വ്യക്തമാക്കി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിപ്രസ്താവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുണ്ടായത്.

അതേസമയം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവയ്ക്കില്ലെന്നാണ് ശിവന്‍കുട്ടിയുടെ നിലപാട്. വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും സുപ്രീംകോടതി മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ലെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ശിവന്‍കുട്ടിയെ പിന്തുണച്ച് സിപിഎമ്മും രംഗത്തെത്തി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ  ശിവൻകുട്ടി മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടെന്നു സിപിഎം നേതൃത്വം. വിചാരണ നേരിടട്ടെയെന്ന് നേതൃത്വത്തില്‍ ധാരണ.

Comments (0)
Add Comment