കൊച്ചി റിഫൈനറിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പ്രൊട്ടോക്കോൾ വിവാദം; സ്ഥലം എം.എല്‍.എ വി.പി സജീന്ദ്രന് ക്ഷണമില്ല

Jaihind Webdesk
Saturday, January 26, 2019

 

കൊച്ചി റിഫൈനറിയിൽ നാളെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പ്രൊട്ടോക്കോൾ വിവാദം. സ്ഥലം എം.എൽ.എ വി.പി സജീന്ദ്രനെ ഒഴിവാക്കി എന്നാണ് പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് എം.എല്‍.എ.

16,504 കോടി രൂപ മുതൽമുടക്കുള്ള സംയോജിത റിഫൈനറി വികസന പദ്ധതിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മുൻ യു.പി.എ സർക്കാരിന്‍റെ കാലത്താണ് പദ്ധതിക്ക് തുടക്കമിടുന്നത്. പിന്നീട് എൻ.ഡി.എ അധികാരത്തിൽ എത്തിയപ്പോൾ ഈ പദ്ധതി ഗുജറാത്തിലേക്ക് മാറ്റാൻ ശ്രമം നടന്നിരുന്നതായി സ്ഥലം എം.എൽ.എ വി.പി സജീന്ദ്രൻ ആരോപിക്കുന്നു. എന്നാൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, സംസ്ഥാന സർക്കാരിന് ഇതിൽ നിന്ന് ലാഭം വേണ്ട എന്ന് പ്രഖ്യാപിച്ച് പദ്ധതി കൊച്ചി റിഫൈനറിയിൽ തന്നെ പ്രാവർത്തികമാക്കുകയായിരുന്നു.

കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ഇത്രയും വലിയൊരു പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ പരിപാടിയുടെ തലേദിവസമാണ് എം.എൽ.എ യെ അറിയിക്കുന്നത്. എന്നാൽ പരിപാടിയിൽ എം.എൽ.എയെ ഉൾപ്പെടുത്തിയില്ല. ഇതിൽ പ്രതിഷേധിച്ച് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചടങ്ങ് ബഹിഷ്‌ക്കരിക്കുകയാണെന്ന് വി.പി സജീന്ദ്രൻ അറിയിച്ചു.