
സിപിഎം പുറത്താക്കിയ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ രചിച്ച ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഫെബ്രുവരി 4-ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ചാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിൽ, ചടങ്ങ് തടസ്സപ്പെടുത്താൻ നീക്കമുണ്ടെന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി കുഞ്ഞികൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
കേസിൽ കക്ഷി ചേർക്കപ്പെട്ട സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ്, ടി.ഐ. മധുസൂദനൻ എംഎൽഎ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. ഭരണകക്ഷിയിലെ ഉന്നത നേതാക്കൾക്കെതിരെയാണ് തന്റെ പോരാട്ടമെന്നും അതിനാൽ പോലീസ് നിഷ്ക്രിയമാണെന്നും കുഞ്ഞികൃഷ്ണൻ ഹർജിയിൽ ആരോപിച്ചു. ജനുവരി 26-ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പയ്യന്നൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
തന്റെ വീടിന് മുന്നിൽ സിപിഎം പ്രവർത്തകർ ഭീഷണി മുഴക്കി പ്രകടനം നടത്തുകയും പടക്കം എറിയുകയും ചെയ്തതായി കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു. കൂടാതെ, തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സുഹൃത്ത് പ്രസന്നന്റെ ബൈക്ക് വീടിന് മുന്നിൽ വെച്ച് കത്തിച്ച കാര്യവും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ളവയിൽ ധനാപഹരണം നടന്നുവെന്ന ആരോപണം ഉന്നയിച്ചതിനെത്തുടർന്നാണ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്.