യുപിയില്‍ അച്ഛന്‍ മകളുടെ തലയറുത്ത് മാറ്റി ; കണ്ണില്ലാത്ത ക്രൂരത

Jaihind News Bureau
Thursday, March 4, 2021

 

ലക്‌നൗ :  ഉത്തർപ്രദേശിൽ അച്ഛൻ മകളുടെ കഴുത്ത് വെട്ടിമാറ്റി. പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായതിനെ തുടർന്നാണ്  ക്രൂരകൃത്യം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിൽ യു പിയിലെ ക്രമസമാധാനനിലയെ കുറിച്ച് യോഗി ആദിത്യനാഥ് നേരിട്ടെത്തി വാഴ്ത്തുമ്പോഴാണ് അക്രമവാർത്തകൾ പുറത്തുവരുന്നത്.

യു പിയിലെ ഹർടോയ്‌ ജില്ലയിലായിരുന്നു സംഭവം. 17 കാരിയായ മകളുടെ തലയാണ് പിതാവ് വെട്ടിമാറ്റിയത്. ശേഷം തലയുമായി ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പിതാവിന് ഇഷ്ടമില്ലാത്ത യുവാവുമായി പെണ്‍കുട്ടി പ്രണയത്തിൽ ആയതാണ് കൊലപാതകത്തിനു കാരണം. വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് പ്രതി കുറ്റകൃത്യം നടത്തിയത്.  പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് തുടർ നടപടികൾ തുടങ്ങി.

കേരളത്തിൽ ഉൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി ആദിത്യനാഥ് എത്തിയപ്പോൾ  വ്യക്തമാക്കിയത് യു പി ക്രമസമാധാനത്തിൽ മുന്നിൽ എന്നാണ്. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ എന്നും വാർത്തകളിൽ നിറയുകയാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഏറ്റവും അതിക്രമം നടക്കുന്ന സംസ്ഥാനമാണ് യു പി. രാജ്യത്ത് ആകെ നടക്കുന്ന സമാന അതിക്രമങ്ങളിൽ 14 ശതമാനവും യു പിയിലാണ്.