ഉത്ര വധക്കേസ് പ്രതി സൂരജ് സി.പി.എം പ്രവർത്തകന്‍; കുട്ടിയെ പിടിച്ചെടുത്തത് സി.പി.എം നേതാക്കളുടെ പിന്‍ബലത്തിലെന്നും വെളിപ്പെടുത്തല്‍

Jaihind News Bureau
Tuesday, May 26, 2020

കൊല്ലം : മനുഷ്യമനസാക്ഷിയെ നടുക്കിയ ഉത്ര കൊലപാതകക്കേസ് പ്രതി സൂരജ് സി.പി.എം പ്രവർത്തകനെന്ന് വെളിപ്പെടുത്തല്‍. സൂരജ് സി.പി.എം ബ്രാഞ്ച് കമ്മറ്റിയംഗവും ഡി.വൈ.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറിയുമാണെന്ന് പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്‍റ് അനില്‍ തോമസ് പറഞ്ഞു. ഉത്രയുടെ മാതാപിതാക്കളുടെ പക്കല്‍ നിന്ന് കുഞ്ഞിനെ പിടിച്ചെടുക്കുന്നതിനായി സി.പി.എം നേതാക്കള്‍ ഇടപെട്ടിരുന്നു. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരു സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ശിശുക്ഷേമ സമിതി ചെയര്‍മാനും ഇതിന് വേണ്ടിയുള്ള കരുക്കള്‍ നീക്കിയെന്നും അനില്‍ തോമസ് ആരോപിച്ചു.

ഉത്രയുടെ മരണശേഷം അവകാശത്തർക്കം ഉന്നയിച്ച് സൂരജ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയെ സമീപിച്ചിരുന്നു. കമ്മിറ്റി തർക്കപരിഹാരത്തിന് പൊലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു. തുടർന്ന് അഞ്ചല്‍ സ്റ്റേഷനില്‍ വെച്ച് നടന്ന ചർച്ചയില്‍ പൊലീസ് ഇടപെട്ട് കുഞ്ഞിനെ സൂരജിന് ബലമായി വാങ്ങി നല്‍കുകയായിരുന്നു. ഈ ചർച്ചയില്‍ സൂരജിനൊപ്പം സി.പി.എം നേതാക്കളും ഉണ്ടായിരുന്നു. സി.പി.എം നേതാക്കളുടെ ഇടപെടലുണ്ടായി എന്നത് ബലപ്പെടുത്തുന്നതാണ് ഡി.സി.സി വൈസ് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തല്‍. സി.പി.എം പറക്കോട് ലോക്കല്‍ കമ്മിറ്റിയിലെ കാരക്കല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ്‌.ഐ ചിരണിക്കല്‍ യൂണിറ്റ് സെക്രട്ടറിയുമാണ് കേസിലെ പ്രതിയായ സൂരജ്. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിന് ശേഷം കുട്ടിയെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അടൂർ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. സി.പി.എം പറക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി വേണുവിനൊപ്പമാണ് ഇയാള്‍ എത്തിയതെന്ന് അനില്‍ തോമസ് പറഞ്ഞു.

മെയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്ര പാമ്പ് കടിയേറ്റ് മരിച്ചത്. വായ്പ തിരിച്ചടയ്ക്കാത്തവരുടെ വാഹനം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പിടിച്ചെടുക്കുന്ന സൂരജ് അടൂരിലെയും ജില്ലയിലെയും പല സി.പി.എം നേതാക്കളുടെയും പ്രിയങ്കരനാണ്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സക്കീര്‍ഹുസൈന്‍ കുട്ടിയെ പിടിച്ചെടുക്കാനുള്ള നടപടിക്രമം പത്തനംതിട്ടയില്‍ തുടങ്ങി വെച്ചെങ്കിലും അധികാര പരിധി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് ഉന്നതര്‍ ഇടപെട്ട് ആണ് സി.പി.എം കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലറും കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനുമായ കെ.പി സജിനാഥിനെ കേസ് ഏല്‍പ്പിച്ചതെന്നും അനില്‍ തോമസ് പറയുന്നു.

മെയ് 20 ന് കൊടുത്ത പരാതിയുടെ പേര് പറഞ്ഞ് മെയ് 22 ലെ കൊല്ലം ശിശുക്ഷേമ സമിതിയുടെ വാക്കാല്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ഉത്രയുടെ മാതാപിതാക്കളില്‍ നിന്നും പിടിച്ചെടുക്കുന്ന ദൗത്യം പൊലീസ് സഹായത്താല്‍ പ്രതി സൂരജ് പൂര്‍ത്തിയാക്കിയത് എന്നും അനില്‍ തോമസ് പറഞ്ഞു. ഇടതുസർക്കാരിന്‍റെ ജനവഞ്ചനക്കെതിരെ വാർഡ് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച പ്രതിഷേധ സമരം പത്തനംതിട്ട റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അനിൽ തോമസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.