‘വിചിത്രം, പൈശാചികം, ക്രൂരം’ : ഉത്ര വധക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ബുധനാഴ്ച

Jaihind Webdesk
Monday, October 11, 2021

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിൽ പ്രതിയും ഭർത്താവുമായ സൂരജ് കുറ്റക്കാരനാണെന്ന് കോടതി. സംഭവം പൈശാചികവും ക്രരവുമെന്ന് നിരീക്ഷിച്ച കോടതി ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ‌ാണ് വിധി പ്രസ്താവിച്ചത്. വിധികേൾക്കാൻ ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു.

ഉത്ര മരിച്ച് ഒരു വർഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷൻസ് കോടതിയുടെ വിധി. ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 2020 മേയ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയും മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും ഉള്ള അന്വേഷണമാണ് കേസിൽ നടന്നത്. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണു കേസ്.

കേസിന്‍റെ പ്രത്യേകത കൊണ്ട് പൊലീസ് വിദ്യാർത്ഥികള്‍ക്കുള്ള സിലബസിലും ഉത്ര വധക്കേസ് ഇടം പിടിച്ചു. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതെളിച്ചത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്‍റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ 3 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുമ്പുണ്ടായ 2 കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു.

വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. മൂന്ന് തവണയാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ രണ്ട് തവണ ഉത്രക്ക് പാമ്പിന്‍റെ കടിയേറ്റു. പാമ്പ് പിടിത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. സാക്ഷികൾ ഇല്ലാത്ത കേസിൽ സുരേഷ് മാപ്പുസാക്ഷിയാണ്.