ഇന്ത്യക്കെതിരെ എഫ്-16 വിമാനം ഉപയോഗിച്ചത് അമേരിക്ക അന്വേഷിക്കും; പാകിസ്ഥാന്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപണം

Jaihind Webdesk
Saturday, March 2, 2019

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ എഫ്-16 ഉപയോഗിച്ചത് അന്വേഷിക്കുന്നതായി അമേരിക്ക. ഇന്ത്യക്കെതിരെ എഫ് -16 യുദ്ധവിമാനം പാകിസ്ഥാന്‍ ദുരുപയോഗം ചെയ്തതിന്റെ സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്ക കൂടുതല്‍ വിവരങ്ങള്‍ തേടുന്നത്. പാകിസ്ഥാന്റെ ഭാഗത്ത് കരാര്‍ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നത് അടക്കമുളള കാര്യങ്ങളാണ് അമേരിക്ക അന്വേഷിക്കുന്നത്.

നേരത്തെ എഫ്-16 യുദ്ധവിമാനം പാകിസ്ഥാന്‍ ഉപയോഗിച്ചതിന് ഇന്ത്യ തെളിവുകള്‍ കൈമാറിയിരുന്നു. അമേരിക്കയുമായുളള ആയുധകരാര്‍ പ്രകാരം ഭീകരവിരുദ്ധ നടപടികള്‍ക്ക് മാത്രമേ പാകിസ്ഥാന് എഫ്-16 യുദ്ധവിമാനം ഉപയോഗിക്കാനാകൂ. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയ്ക്കെതിരെ എഫ്-16 വിമാനം ഉപയോഗിച്ചെന്നാണ് ഇന്ത്യന്‍ വാദം.
കഴിഞ്ഞദിവസം എഫ്-16 വിമാനത്തില്‍ നിന്ന് തൊടുത്ത അമ്രാം മിസൈലിന്റെ അവശിഷ്ടങ്ങള്‍

ഇന്ത്യ തെളിവായി നിരത്തിയിരുന്നു. ഇന്ത്യയുടെ സൈനിക സജ്ജീകരണങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്താന്‍ പാകിസ്ഥാന്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ വാദിക്കുകയായിരുന്നു. ഇന്ത്യക്കെതിരെ എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിട്ടില്ല എന്ന പാകിസ്ഥാന്റെ വാദത്തിന്റെ മുനയൊടിച്ച് കൊണ്ടായിരുന്നു ഇന്ത്യയുടെ തെളിവ് നിരത്തല്‍.

എഫ്-16 യുദ്ധവിമാനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെ കുറിച്ച് അറിവുണ്ടെന്ന് പറഞ്ഞ അമേരിക്ക ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. പാകിസ്ഥാന്റെ കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട് ഒരു തീരുമാനം എടുക്കുന്നതിന് മുന്‍പ് ചില വസ്തുതകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് അമേരിക്കന്‍ വക്താവ് പറഞ്ഞു.