തെരഞ്ഞെടുപ്പിൽ തോറ്റ മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീൻ ജനവിധിയെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരേ കർശന മുന്നറിയിപ്പു നല്കി യുഎസ്. അധികാര കൈമാറ്റം തടയാൻ ആരു ശ്രമിച്ചാലും കർശന നടപടി നേരിടേണ്ടിവരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ ചൈനാ അനുകൂലിയായ യാമീൻ ഇന്ത്യാ അനുകൂലിയായ ഇബ്രാഹിം സോലിഹിനോട് അപ്രതീക്ഷിതമായി തോൽക്കുകയായിരുന്നു. നവംബർ 17നാണ് പുതിയ പ്രസിഡൻറ് അധികാരമേറ്റെടുക്കേണ്ടത്. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചു ഹർജി നൽകി അധികാരക്കൈമാറ്റം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം യാമീനും അദ്ദേഹത്തിൻറെ പാർട്ടിയും നടത്തുന്നതായി ആരോപണമുണ്ട്.
യാമീനെതിരേ സോലിഹിനെ ജയിപ്പിക്കാൻ മാലദ്വീപ് ജനം കൂട്ടത്തോടെ ബൂത്തുകളിലെത്തുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പു ജയം ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ളതാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് വക്താവ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ തെക്ക്, മധ്യ ഏഷ്യാ വിഭാഗത്തിലെ ഡെപ്യൂട്ടി അസിസ്റ്റൻഡ് സെക്രട്ടറി ആലീസ് വെൽസ് സോലിഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വക്താവിന്റെ മുന്നറിയിപ്പുണ്ടായത്.
https://www.youtube.com/watch?v=0PDh-1cAFr8