യുഎസ് ട്രഷറി സ്തംഭനം ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ധാരണയായി

യുഎസിൽ വീണ്ടും ഒരു ട്രഷറി സ്തംഭനം ഉണ്ടാവുന്നത് ഒഴിവാക്കുന്ന കാര്യത്തിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളുമായി ധാരണയിലെത്തി. മതിൽ നിർമാണത്തിനായി 137 കോടി ഡോളർ വകയിരുത്തുമെന്നാണു റിപ്പോർട്ട്.

മെക്‌സിക്കൻ മതിൽ നിർമാണത്തിന് ഫണ്ട് അനുവദിക്കാൻ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധി സഭ വിസമ്മതിച്ചതിനെത്തുടർന്ന് 35 ദിവസം ഭരണസ്തംഭനമുണ്ടായിരുന്നു. എട്ടുലക്ഷത്തോളം ഫെഡറൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങി. പിന്നീട് ഇടക്കാല ധനവിനിയോഗ ബിൽ പാസാക്കി ഈ മാസം 15 വരെയുള്ള ട്രഷറി ഇടപാടുകൾ സുഗമമാക്കി.

പതിനഞ്ചിനുശേഷം വീണ്ടും ട്രഷറി സ്തംഭനം ഉണ്ടാവാതിരിക്കാൻ പുതിയ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിൽ ഇരു പാർട്ടികളും ധാരണയിലെത്തിയെന്ന് സെനറ്റർ റിച്ചാർഡ് ഷെൽബി റിപ്പോർട്ടർമാരോടു പറഞ്ഞു. മതിൽനിർമാണത്തിനായി 137 കോടി ഡോളർ വകയിരുത്തുമെന്നാണു റിപ്പോർട്ട്. ട്രംപ് ആവശ്യപ്പെട്ട 570 കോടി ഡോളറിനേക്കാൾ വളരെ കുറവാണ് ഈ തുക.

നിർദിഷ്ട പ്രമേയത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇരു സഭകളും ബിൽ പാസാക്കുകയും ട്രംപ് അംഗീകരിക്കുകയും ചെയ്താൽ വീണ്ടും ഒരു ട്രഷറി സ്തംഭനം ഉണ്ടാവാതെ നോക്കാനാവും. ഇപ്പോഴത്തെ ധാരണ പ്രകാരം യുഎസ്-മെക്‌സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡ് വാലി മേഖലയിൽ 55 മൈൽ നീളത്തിൽ പുതുതായി വേലി നിർമിക്കാനുള്ള തുകയാണ് അനുവദിക്കുക.

US Treasury
Comments (0)
Add Comment