ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണം; ഇസ്രയേലിനെ തള്ളി അമേരിക്ക

വാഷിംഗ്ടണ്‍: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമങ്ങളിൽ ആദ്യമായി രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്ത്. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയിൽനിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡൻ പറഞ്ഞു.

യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ വിമർശിക്കുന്നത്. ഇസ്രയേലിലെ ബെഞ്ചമിൻ നെതന്യാഹു സർക്കാറിന്‍റെ നിലപാടുകൾ മാറണമെന്നും വാഷിംഗ്ടണിൽ ഡെമോക്രാറ്റിക് പാർട്ടി അനുകൂലികളുടെ യോഗത്തിൽ ബൈഡൻ പറഞ്ഞു. നെതന്യാഹു സർക്കാരാണ് ഇസ്രയേൽ-പലസ്തീൻ പ്രശ്‌ന പരിഹാരത്തിന് തടസമാകുന്നത്. ദ്വിരാജ്യ ഫോർമുലയ്ക്ക് വേണ്ടി നെതന്യാഹു ശ്രമിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ കുറ്റപ്പെടുത്തി.

അതേസമയം വെടിനിർത്തിയില്ലെങ്കിൽ ബന്ദികളെ കൊല്ലുമെന്ന ഹമാസ് മുന്നറിയിപ്പിനിടെയിലും ഗാസയിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. ഇന്നലെ യുഎൻ ജനറൽ അസംബ്ലി മാനുഷിക വെടിനിർത്തൽ ആവശ്യപ്പെടുന്ന നോൺ- ബൈൻഡിംഗ് പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തി. വോട്ടെടുപ്പിൽ നിന്ന് ബ്രിട്ടൻ വിട്ടുനിന്നു. മറ്റ് 13 അംഗങ്ങളും വെടിനിർത്തൽ ആഹ്വാനത്തെ പിന്തുണച്ചു.

തെക്കൻ ഗാസയിലെ റാഫയിൽ വീടുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏഴു കുട്ടികൾ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇതോടെ ഗാസയിലെ മരണനിരക്ക് 18,500 ആയി ഉയർന്നു. 1,147 പേരാണ് ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ ഗാസയിൽ 207 പേർ മരിക്കുകയും 450 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെൻട്രൽ, തെക്കൻ മേഖലകളിൽ ഏറ്റുമുട്ടലുകൾ തുടരുകയാണ്. ചൊവ്വാഴ്ച വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിൽ ഇസ്രയേൽ ആക്രമണത്തിൽ നാലു പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലേക്ക് ഇസ്രയേൽ സൈന്യം പ്രവേശിച്ചതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൈനിക വാഹനത്തിനുനേരെ നടത്തിയ ആക്രമണത്തിലൂടെ 11 ഇസ്രയേൽ സൈനികരെ വധിച്ചതായി ഹമാസും അവകാശപ്പെട്ടു.

Comments (0)
Add Comment