യുഎസ് ഓഹരി വിപണിയും ഇടിയുന്നു, ആദ്യ മണിക്കൂറില്‍ തന്നെ നാലു ശതമാനം ഇടിഞ്ഞു

Jaihind News Bureau
Monday, April 7, 2025

യുഎസ് ഓഹരി വിപണി വാള്‍സ്ട്രീറ്റിലും കനത്ത ഇടിവ്. വിപണി തുറന്നപ്പോള്‍ തന്നെ വാള്‍സ്ട്രീറ്റ് വില്‍പ്പന സമ്മര്‍ദ്ദത്തിലാണ്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ശരാശരി 1,212.98 പോയിന്റ് അഥവാ 3.17% ഇടിഞ്ഞ് 37,101.88 ആയി. എസ് & പി 500 181.37 പോയിന്റ് അഥവാ 3.57% ഇടിഞ്ഞ് 4,892.71 ല്‍ എത്തി, അതേസമയം നാസ്ഡാക്ക് കോമ്പോസിറ്റ് 623.23 പോയിന്റ് അഥവാ 4.00% ഇടിഞ്ഞ് 14,964.56 ലെത്തി.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നടപടികളുടെ സാമ്പത്തിക ആഘാതത്തില്‍ നിക്ഷേപകരുടെ ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്. ലോകമെമ്പാടും പ്രധാന സൂചികകള്‍ ഇടിയുകയാണ്. സാമ്പത്തിക മേഖലകളിലെല്ലാം തികഞ്ഞ അനിശ്ചിതത്വമാണ് ലോകമെമ്പാടും നിലനില്‍ക്കുന്നത്. പലരും സുരക്ഷിതമായ ഓപ്ഷനായി സര്‍ക്കാര്‍ ബോണ്ടുകളിലേക്ക് തിരിയുകയാണ്.

ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രധാന ബോര്‍ഡുകളുടെ ഫ്യൂച്ചേഴ്‌സ് കരാറുകളെല്ലാം കുത്തനെ ഇടിഞ്ഞു, ഇത് വിപണികളുടെ തകര്‍ച്ച ഒരു പരിധിവരെ പ്രവചിക്കപ്പെട്ടിരുന്നു. വാള്‍സ്ട്രീറ്റ് ഓഹരികള്‍ക്ക് ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ലോകമെമ്പാടും ഇനിയും കടുത്ത പ്രതികരണങ്ങള്‍ ഉണ്ടാകും. അതേസമയം 2021 ഏപ്രിലിനുശേഷം ആദ്യമായി യുഎസ് എണ്ണ ബാരലിന് 60 ഡോളറില്‍ താഴെയായി.