ന്യൂഡല്‍ഹി: അമേരിക്കയും യൂറോപ്പും റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ചേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാണ് നിലവില്‍ റഷ്യ. യുക്രെയ്നിലെ നിലവിലുള്ള സംഘര്‍ഷങ്ങളുടെ പേരില്‍ റോസ്നെഫ്റ്റ്, ലുക്കോയില്‍ ഉള്‍പ്പെടെയുള്ള പ്രധാന റഷ്യന്‍ ഊര്‍ജ്ജ കമ്പനികള്‍ക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും അധിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. കഴിഞ്ഞ ആഴ്ച ബ്രിട്ടനും ഈ രണ്ട് കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ റഷ്യന്‍ എണ്ണ വാങ്ങുന്നവരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി ഗണ്യമായി കുറയ്ക്കാനോ പൂര്‍ണ്ണമായി നിര്‍ത്തലാക്കാനോ പദ്ധതിയിടുന്നതായി സൂചനയുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി പൊതുമേഖലാ റിഫൈനറികളും എണ്ണ വാങ്ങുന്ന പദ്ധതികള്‍ പുനഃപരിശോധിക്കുകയാണ്.
റഷ്യന്‍ എണ്ണ ഇറക്കുമതി പുനഃപരിശോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു എന്ന വാര്‍ത്ത പരന്നതോടെ വിപണിയില്‍ എണ്ണ വില ഏകദേശം 3% വര്‍ദ്ധിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 1.94 ഡോളര്‍ അഥവാ 3.1% ഉയര്‍ന്ന് 64.53 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ബാരലിന് 1.89 ഡോളര്‍ അഥവാ 3.2% ഉയര്‍ന്ന് 60.39 ഡോളറിലെത്തി. എങ്കിലും വിപണി സാധ്യതകള്‍ അനിശ്ചിതമായി തുടരുകയാണ്. എണ്ണ വിലയില്‍ ഉടനടിയുണ്ടായ വര്‍ദ്ധനവ് ഉണ്ടായിട്ടും, ഈ ഉപരോധങ്ങള്‍ ആഗോള വിതരണത്തിലും ഡിമാന്‍ഡിലുമുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ചില വിപണി വിദഗ്ധര്‍ക്ക് ഇപ്പോഴും ആശങ്കയുണ്ട്.
അമേരിക്ക ഉള്‍പ്പെട്ട നാറ്റോ രാജ്യങ്ങള്‍ കഴിഞ്ഞ കാലത്ത് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ റഷ്യയുടെ എണ്ണ ഉല്‍പാദനത്തിലോ വരുമാനത്തിലോ കാര്യമായ കുറവ് വരുത്തിയിരുന്നില്ല. ഇത് ഇന്ത്യയും ചൈനയും കൂടുതല്‍ അളവ് ക്രൂഡ് വാങ്ങിതു കൊണ്ടായിരുന്നു. പുതിയ ഉപരോധം ഏര്‍പ്പെടുത്തിയതു മൂലം റഷ്യന്‍ നിലപാടിലുണ്ടാക്കിയ മാറ്റം വിപണികള്‍ ശ്ര്ദ്ധയോടെയാണ് വീക്ഷിക്കുന്നത്