യുഎസ് പാർലമെന്‍റിലേക്ക് അതിക്രമിച്ച് കടന്ന് ട്രംപ് അനുകൂലികൾ; സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ സ്ത്രീ കൊല്ലപ്പെട്ടു

അമേരിക്കയിൽ ട്രംപ് അനുകൂലികൾ യുഎസ് പാർലമെന്‍റിലേക്ക് അതിക്രമിച്ച് കടന്നു. യുഎസ് പാർലമെന്‍റ് മന്ദിരം ഒഴിപ്പിച്ചു. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു ട്രംപ് അനുകൂലികൾ അതിക്രമിച്ചത് കടന്നത്. സംഭവത്തിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

യുഎസിനെയും ലോകത്തെയും ഞെട്ടിച്ച് കൊണ്ടാണ് ട്രംപ് അനുകൂലികൾ യുഎസ് പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയത്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്.
കാപ്പിറ്റോൾ മന്ദിരത്തിനു സമീപത്തു നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. പാർലമെന്‍റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവം.

സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാർ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിർത്തിവെക്കുകയായിരുന്നു. യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ് പാർലമെന്‍റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടായത്.

പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ആദ്യം ബാരിക്കേഡുകൾ തകർത്തു. പാർലമെന്‍റ് കവാടങ്ങൾ പൊലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാർ മന്ദിരത്തിനകത്തു കടക്കുകയായിരുന്നു. അതേസമയംകാപ്പിറ്റോൾ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു വിശേഷിപ്പിച്ച ജോ ബൈഡൻ, പിൻവാങ്ങാൻ അനുകൂലികൾക്ക് നിർദേശം നൽകാൻ ട്രംപിനോട് ആവശ്യപ്പെട്ടു. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവർത്തിച്ച ട്രംപ്, പ്രതിഷേധക്കാരോടു സമാധാനം പാലിക്കാനും മടങ്ങിപ്പോകാനും അഭ്യർത്ഥിച്ചു. സംഭവത്തെ അപലപിച്ച് ബ്രിട്ടനും അയർലൻഡും രംഗത്തെത്തി.

Comments (0)
Add Comment