ശബരീനാഥന്‍റെ അറസ്റ്റില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭ വിട്ടിറങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥന്‍റെ നാടകീയമായ അറസ്റ്റ് സഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. അടിയന്തര പ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. ഷാഫി പറമ്പിലാണ് അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിനു നോട്ടീസ് നൽകിയത്.

അടിയന്തരപ്രമേയ നോട്ടീസിന് അനുമതി തേടിയതിന് പിന്നാലെ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാനാകില്ലെന്ന് നിയമമന്ത്രി പി രാജീവ് സഭയില്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കെ സോളാർ, ബാർ കേസുകൾ പല തവണ ചർച്ച ചെയ്തിട്ടുണ്ടെന്നത്  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

“സ്വന്തം സൗകര്യത്തിനുവേണ്ടി റൂളും കീഴ്‌വഴക്കവും ഉന്നയിക്കുന്നത് ശരിയല്ല. വ്യക്തിയുടെ അവകാശങ്ങൾ ഇല്ലാതാക്കി കള്ളക്കേസ് എടുത്തതിനെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. അടിയന്തര പ്രമേയത്തെ സർക്കാർ ഭയപ്പെടുകയാണ്. വകുപ്പിനെ സംബന്ധിച്ച് ചോദ്യം വരുമ്പോൾ മുഖ്യമന്ത്രി ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണ്” –  വി.ഡി സതീശൻ പറഞ്ഞു.

എന്നാല്‍ കോടതി വാദം കേൾക്കാനിരിക്കുന്നതിനാൽ അടിയന്തരപ്രമേയമായി അനുവദിക്കാനാകില്ലെന്നും സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ നിർദേശിച്ചു. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Comments (0)
Add Comment