വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധാർഷ്ട്യത്തിന്‍റെയും ഭിന്നിപ്പിന്‍റെയും ഭരണത്തിനെതിരായ വിധിയെഴുത്താകണമെന്ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള തെരഞ്ഞെടുപ്പാകണം ഇതെന്നും സോണിയാ ഗാന്ധി പറഞ്ഞു. പ്രതിപക്ഷപാർട്ടികളുടെ കരുത്ത് തെളിയിച്ച് കൊൽക്കത്തയിൽ നടന്ന ഐക്യ ഇന്ത്യാ റാലിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു സോണിയാ ഗാന്ധിയുടെ സന്ദേശം. കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് മല്ലികാർജുൻ ഖാർഗെയാണ് യു.പി.എ അധ്യക്ഷയുടെ സന്ദേശം അറിയിച്ചത്.
”വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. ഇത് രാജ്യത്തിന്‍റെ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ്. രാജ്യത്തിന്‍റെ മതനിരപേക്ഷതയും ആചാരങ്ങളും പൈതൃകവും നിലനിർത്തുന്നതിനും ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്താനുമുള്ള തെരഞ്ഞെടുപ്പാണ് വരുന്നത്” – സോണിയാ ഗാന്ധി സന്ദേശത്തിൽ പറഞ്ഞു.
രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നു. രാജ്യത്തിന്‍റെ ബഹുസ്വരതയെ മലീമസമാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തെ കർഷകർ നേരിടുന്ന പ്രതിസന്ധി അതിന്‍റെ ഏറ്റവും പാരമ്യതയിലെത്തിയിരിക്കുകയാണ്. രാജ്യത്തെ യുവാക്കൾ തൊഴിൽരഹിതരായെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു. അതിനാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് വളരെയധികം പ്രാധാന്യമാണുള്ളതെന്നും മോദിയുടെ ധാര്‍ഷ്ട്യത്തിന്‍റെയും ഭിന്നിപ്പിന്‍റെയും ഭരണത്തിനെതിരായ വിധിയെഴുത്താകണം തെരഞ്ഞെടുപ്പെന്നും സോണിയാ ഗാന്ധി സന്ദേശത്തില്‍ അറിയിച്ചു.