ഏത് നിയമത്തിന്‍റെ പിന്‍ബലത്തിലാണ് ഇങ്ങനെ ചെയ്യുന്നത് ? : യോഗി സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Jaihind News Bureau
Thursday, March 12, 2020

Yogi-Adityanath

ന്യൂഡല്‍ഹി : യോഗി ആദിത്യനാഥ് സർക്കാരിന് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും പേരുവിവരങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ച നടപടിയിലാണ് സുപ്രീം കോടതിയുടെ വിമർശനം. ഏത് നിയമത്തിന്‍റെ പിന്‍ബലത്തിലാണ് യോഗി ആദിത്യനാഥ് സർക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു. പ്രതിഷേധക്കാരുടെ വിവരങ്ങള്‍ പതിപ്പിച്ച ബോർഡുകള്‍ സ്ഥാപിക്കാന്‍ ഒരു നിയമവും അനുവദിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. പ്രതിഷേധത്തിനിടെ അക്രമം നടത്തി എന്ന് ആരോപിച്ചാണ് ഇവരെ ജയിലിലാക്കിയത്. ജാമ്യത്തിലിറങ്ങിയ ഇവരുടെ ഫോട്ടോയും പേരുവിവരങ്ങളും ലക്‌നൗവിലെ പ്രമുഖ കവലകളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.  പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം സ്വത്ത് കണ്ടുകെട്ടുമെന്നും ബോര്‍ഡില്‍ അറിയിപ്പുണ്ട്.

യോഗി സർക്കാരിന്‍റെ ഈ നടപടിയെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്. കവലകളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് യു.പി സര്‍ക്കാര്‍ നല്‍കിയ ഹർജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. എന്നാല്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് യു.യു ലളിത്, അനിരുദ്ധബോസ് എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് വാദം കേട്ടത്. പ്രശ്‌നം കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷയം മൂന്നംഗ ബെഞ്ചിന് വിട്ടു.

ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു മാർച്ച് 8 ന് അലഹബാദ് ഹൈക്കോടതി ബോർഡുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്. നീതിപൂർവമല്ലാത്ത ഇത്തരം നടപടി പൊതുജനത്തെ അപമാനിക്കുന്നതാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ മൌലികാവകാശങ്ങള്‍ തുലാസിലാക്കിക്കൊണ്ടാകരുത് ക്രമസമാധാനപാലനമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.